കൽപകഞ്ചേരി: കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയായ സഹദ് സങ്കട കടലുകൾക്കിടയിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിദ്യാലയത്തിനും നാടിനും അഭിമാനമായി.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങാനിരിക്കെ രണ്ട് ദിവസം മുമ്പാണ് വളവന്നൂർ കുറുക്കോൾ സ്വദേശിയായ സഹദിന്റെ പിതാവ് തയ്യിൽ അബ്ദുൽ ഗഫൂറിനെ മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.
തുടർന്ന് നടത്തിയ പരിശോധനയിൽ അർബുദ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. പിതാവിന്റെ രോഗവിവരം സഹദിനെ ആകെ തളർത്തി. പരീക്ഷക്ക് തയാറായി നിൽക്കുന്ന സഹദിന് അധ്യാപകർ വീട്ടിലെത്തി ആത്മധൈര്യം നൽകി.
പിതാവും മാതാവും ആശുപത്രിയിൽ ആയതോടെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി പഠിച്ച് സഹദ് എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. പക്ഷേ, പിതാവ് അബ്ദുൽ ഗഫൂർ അപ്പോഴേക്കും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എൻജിനീയർ ആവണമെന്നാണ് സഹദിന്റെ ആഗ്രഹം. ഉമ്മ റഷീദും സഹോദരൻ റിൻഷാദും ഷിബിനും വേദനകൾക്കിടയിലും സഹദിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.