കൽപകഞ്ചേരി: പുത്തനത്താണി-വൈലത്തൂർ റോഡിലെ കൽപകഞ്ചേരി അങ്ങാടിയിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച 12.30 നാണ് പൈപ്പ് ലൈൻ പൊട്ടിയത്. ഒന്നര മീറ്റർ ആഴവും വ്യാസവുമുള്ള ഒരു ഗർത്തവും ഒരു മീറ്റർ ആഴവും വ്യാസവുമുള്ള ഗർത്തവുമാണ് റോഡിൽ രൂപപ്പെട്ടത്. ഇതേ തുടർന്ന് മണിക്കൂറുകളോളം കുടിവെള്ളം റോഡിലൂടെ പരന്നൊഴുകി. 60 മീറ്ററോളം റോഡിന്റെ ടാറിങും അടർന്നു പൊങ്ങിയിട്ടുണ്ട്.
കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ശ്രമഫലമായി അഞ്ച് കോടി 20 ലക്ഷം രൂപ അനുവദിച്ച് അത്യാധുനിക രീതിയിൽ നവീകരിച്ച റോഡ് ഫെബ്രുവരി 17നാണ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് നവീകരണം ഏറെ വൈകിയത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റോഡ് വീണ്ടും തകർന്നത്. അശാസ്ത്രീയ രീതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചതും ആവശ്യമായ സ്ഥലങ്ങളിൽ എയർവാൾവ് സ്ഥാപിക്കാത്തതുമാണ് തുടർച്ചയായി ഈ റോഡിൽ പൈപ്പ് ലൈൻ പൊട്ടാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കൽപകഞ്ചേരി അങ്ങാടിയിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് റോഡിൽ രൂപപ്പെട്ട ഗർത്തം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.