കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായുള്ള ഓഫിസ് തുടരാൻ തീരുമാനം. ഓഫിസ് നിലനിർത്തി റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയത്. മേയ് 31 മുതൽ ഓഫിസിെൻറ പ്രവർത്തനം അവസാനിപ്പിച്ച് നേരത്തെ റവന്യൂ വകുപ്പ് സ്പെഷൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
കരിപ്പൂരിനൊപ്പം നിർത്തലാക്കിയ വിവിധ സ്ഥലമേറ്റെടുക്കൽ ഓഫിസുകളുടെ പ്രവർത്തനം നീട്ടിയാണ് സ്പെഷൽ സെക്രട്ടറി കെ. ബിജു ബുധനാഴ്ച ഉത്തരവിറക്കിയത്. ഉത്തരവ് പ്രകാരം നിലവിലെ തസ്തികകൾ തുടരും. ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ എന്നിവർ ഉൾപ്പെടെ 12 പേരുടെ തസ്തികയാണ് ഓഫിസിന് അനുവദിച്ചിട്ടുള്ളത്.
കാവൽ മന്ത്രിസഭയുടെ കാലയളവിൽ മേയ് 14നാണ് ഓഫിസ് പ്രവർത്തനം അടിയന്തരമായി അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. തുടർന്ന് എം.പിമാരായ എം.കെ. രാഘവൻ, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവർ റവന്യൂ മന്ത്രി കെ. രാജനോട് വിഷയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു.
നിലവിൽ പുതിയ ടെർമിനലിനായി 137 ഏക്കറും കാർ പാർക്കിങ്ങിനായി 15.25 ഏക്കർ ഭൂമിയും ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. തുടർനടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല. അതിനിടെ, കരിപ്പൂർ വികസനത്തിനായി എം.കെ. രാഘവൻ എം.പി വിമാനത്താവള അതോറിറ്റിക്ക് ബദൽ മാസ്റ്റർ പ്ലാൻ സമർപ്പിച്ചിട്ടുണ്ട്. റൺവേ, ഏപ്രൺ വികസനം, പുതിയ ടെർമിനൽ, കാർ പാർക്കിങ് എന്നിവയാണ് പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നത്.
2011 ജനുവരിയിൽ പഴയ കമ്യൂണിക്കേഷൻ കാര്യാലയത്തിലായിരുന്നു ഭൂമിയേറ്റെടുക്കൽ ഓഫിസ് ആരംഭിച്ചത്. ഇത് പിന്നീട് 2017ൽ വിമാനത്താവളത്തിനുള്ളിൽ ഭരണവിഭാഗത്തോട് ചേർന്നുള്ള മുറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.