എടക്കര: കവളപ്പാറ ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഫണ്ട് നിലമ്പൂര്‍ തഹസില്‍ദാറുടെ അക്കൗണ്ടിലത്തെി. 32 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപയാണ് അനുവദിച്ചത്.
ഉപ്പട ആനക്കല്ലിലാണ് കോളനിക്കാര്‍ തന്നെ മൂന്നര ഏക്കറോളം ഭൂമി വീട് വെക്കുന്നതിനായി കണ്ടത്തെിയത്. ഓരോ കുടുംബത്തിനും 10 സെൻറ് ഭൂമി വീതം ലഭിക്കും. ആറ് ലക്ഷം രൂപ വീതമാണ് ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചത്. റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവക്കുള്ള സ്ഥലം നീക്കിവെച്ചതിന് പുറമെയാണിത്.
ഭൂമിയുടെ രജിസ്ട്രേഷന് നടപടികള്‍ വ്യാഴാഴ്ച നടക്കുമെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ സി. സുഭാഷ് ചന്ദ്രബോസ് അറിയിച്ചു. വീട് നിര്‍മിക്കുന്നതിന് ഓരോ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. ഭൂമി തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുണ്ടായ കാലതാമസമാണ് ഫണ്ട് അനുവദിക്കുന്നത് വൈകാന്‍ കാരണമായത്. രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ വീടുകളുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും.
നാല് ലക്ഷം രൂപ വീടുനിര്‍മാണത്തിന് അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡെവലപ്മെൻറ് മിഷെൻറ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് രണ്ട് ലക്ഷം രൂപകൂടി ഓരോ കുടുംബത്തിനും അനുവദിക്കും. ഭൂമി രജിസ്ട്രേഷന് കഴിഞ്ഞ് വീടുനിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നമുറക്ക് ഈ തുക പട്ടികവര്‍ഗ വികസന വകുപ്പ് കോളനിക്കാര്‍ക്ക് നല്‍കും.
ഇതിന് മുമ്പായി കമ്യൂണിറ്റി ഹാള്‍, റോഡ്, കിണര്‍ എന്നിവക്കുള്ള ഭൂമി ഒരുമാസത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തിന് രജിസ്റ്റര്‍ ചെയ്തുനല്‍കണം. എന്നാല്‍, ഈ ഭൂമിയില്‍ ശ്മശാനത്തിനായി സ്ഥലംമാറ്റിെവച്ചിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഈ മാസം 22ന് പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ കവളപ്പാറ കോളനിക്കാര്‍ക്കായി ഊരുകൂട്ടം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.