മലപ്പുറം: തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കാൻ വിമുഖത കാണിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാതൃകയായി ഖദീജ. 69 വയസ്സ് പിന്നിട്ട ഇവർ തെരഞ്ഞെടുപ്പ് ജോലി ചോദിച്ചുവാങ്ങുകയായിരുന്നു. എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗത്തിലെ പാർട്ട് ടൈം സ്വീപ്പറാണ്. പാർട്ട് ടൈം ജോലിക്കാർ 70ാം വയസ്സിലാണ് വിരമിക്കുന്നത്.
കൊണ്ടോട്ടി തുറക്കൽ സ്വദേശിയായ ഇവർക്ക് വിരമിക്കാൻ ആറുമാസം കൂടിയാണുള്ളത്. അതിനിടെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടി എത്തിയത്. വയസ്സും ആരോഗ്യവും ചൂണ്ടിക്കാട്ടി പിന്മാറാൻ പലരും അറിയിച്ചപ്പോൾ സധൈര്യം ചുമതല ഏറ്റെടുക്കുകയായിരുന്നു.
മലപ്പുറം നഗരസഭ 40ാം വാർഡിലെ പെരുമ്പറമ്പ് ഹിദായത്തുൽ ഇസ്ലാം മദ്റസ ബൂത്തിൽ പോളിങ് അസിസ്റ്റൻറായാണ് ഡ്യൂട്ടി. സാനിറ്റൈസറും മറ്റു സഹായങ്ങളും നൽകുകയാണ് ജോലി. പത്താം ക്ലാസുവരെ പഠിച്ച ഇവർ 1993ൽ മഞ്ചേരി മേലാക്കം പി.ഡബ്ല്യു.ഡി ഓഫിസിലാണ് ജോലിയിൽ പ്രവേശിച്ചത്.
ആദ്യമായാണ് തെരഞ്ഞെടുപ്പ് ജോലി ചെയ്യുന്നതെന്നും ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ഖദീജ പറയുന്നു. ഓമാനൂർ ഒ.എം. വീട്ടിൽ ബീരാൻ കുട്ടിയാണ് ഭർത്താവ്. റസിയ, ശാഹിദ, സറീന, മുഹമ്മദ് റാഫി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.