തിരൂർ: കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തകരാർ പരിഹരിക്കുന്ന പ്രവൃത്തി നടത്താൻ സാങ്കേതിക സമിതി രൂപവത്കരിച്ച് സർക്കാർ. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ, ഐ.ഡി.ആർ.ബി ചീഫ് എൻജിനീയർ, ബ്രിഡ്ജ് ഡിസൈനിലെ സീനിയർ ലെവൽ ഓഫിസർ, കെ.ഇ.ആർ.ഐ ഡയറക്ടർ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ, മലപ്പുറം എക്സിക്യൂട്ടീവ് എൻജിനീയർ, തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ മുൻ പ്രഫസർ കെ. ബാലൻ എന്നിവരാണ് സമിതി അംഗങ്ങൾ. പാലത്തിന്റെ അടിത്തട്ടിൽ കേടുപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതുവഴി വലിയ വാഹനങ്ങളുടെ സഞ്ചാരം കലക്ടർ മാസങ്ങൾക്ക് മുമ്പ് നിരോധിച്ചിരുന്നു. ഇതോടെ ബസ് സർവിസുകൾ അടക്കം നിലക്കുകയും പുഴയുടെ ഇരുകരകളിലേക്കും എത്താൻ സാധിക്കാതെ വരികയും ചെയ്തു. ഇത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കി.
പാലം ഉടൻ ശരിയാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സർക്കാർ പ്രശ്ന പരിഹാരത്തിനായി സാങ്കേതിക സമിതിയെ നിയോഗിച്ചത്. പാലത്തിനടിയിലെ റെഗുലേറ്റർ വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. ഇതു മാറ്റുന്നതിനുവേണ്ടിയുള്ള പ്രവൃത്തികൾ ഇവിടെ തുടങ്ങിയിരുന്നു. സിവിൽ പ്രവൃത്തിക്ക് 2.3 കോടി രൂപയും മെക്കാനിക്കൽ പ്രവൃത്തിക്ക് 6.74 കോടി രൂപയുമാണ് അനുവദിച്ചിരുന്നത്. 2022 ഒക്ടോബറിൽ സിവിൽ പ്രവൃത്തിയുടെ ഭാഗമായി പാലത്തിന്റെ ഇരുവശത്തും മണ്ണിട്ട് ബണ്ട് തീർത്ത് തുടങ്ങിയതോടെയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ആഴക്കൂടുതലുണ്ടെന്ന് മനസ്സിലായത്. ഇതോടെ പണി നിർത്തിവച്ചു. ഈ സമയത്താണ് പാലത്തിന്റെ അടിത്തട്ടിൽ കേടുപാടുകൾ ഉണ്ടെന്ന് കണ്ടെത്തുന്നത്. തുടർന്ന് കേടുപാടുകളുടെ സ്ഥിതി പൂർണമായി മനസ്സിലാക്കാൻ പീച്ചി ആസ്ഥാനമായ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തി.
പഠനത്തിന് ശേഷം പ്രശ്ന പരിഹാരം നിർദേശിച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഇവിടെ സിവിൽ പ്രവൃത്തികൾ വൈകുന്നതാണ് പാലത്തിന്റെ തകരാർ പരിഹരിക്കാൻ വൈകുന്നതെന്നും ഇതിനായി സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തണമെന്നും ജലസേചന വകുപ്പ് ചീഫ് എൻജിനീയർ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരമാണ് ഇപ്പോൾ സമിതി രൂപവത്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.