കോട്ടക്കൽ: മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. വിവിധ പഞ്ചായത്തുകളിൽ നടക്കുന്ന കുടിവെള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും നിർദേശം നൽകി.
കോട്ടക്കൽ നഗരസഭയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ ) കിഫ്ബിയിലേക്ക് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാകുന്ന മുറക്ക് തുടർ പ്രവർത്തനങ്ങൾ ആരംഭിക്കും. കുറ്റിപ്പുറം, മാറാക്കര പഞ്ചായത്തുകളിലേക്കും തിരൂർ നിയോജക മണ്ഡലത്തിലെ ആതവനാട്, തിരുന്നാവായ പഞ്ചായത്തുകളിലേക്കുമുള്ള ജൽ ജീവൻ മിഷൻ സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതിയും യോഗത്തിൽ വിലയിരുത്തി.
കോട്ടക്കൽ നഗരസഭ, കുറ്റിപ്പുറം, മാറാക്കര, ആതവനാട്, തിരുന്നാവായ പഞ്ചായത്തുകൾക്കുമുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് സംഭരണി സ്ഥാപിക്കുന്നതിന് ജല അതോറിറ്റി കണ്ടെത്തിയ ആതവനാട് പഞ്ചായത്തിലെ സ്ഥലം ലഭ്യമാക്കാൻ ഗുണഭോക്താക്കളും തദ്ദേശ സ്ഥാപനങ്ങളും ഒന്നിച്ച് ഫണ്ട് വകയിരുത്താനും ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാനും നിർദേശിച്ചു. പദ്ധതിയുടെ ഭാഗമായി നിർദിഷ്ട എൻ.എച്ച് 66ൽ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ളതിന്റെ സാങ്കേതിക നടപടികൾ വേഗത്തിലാക്കുന്നതിന് എൻ.എച്ച്.എ.ഐ അധികൃതർക്ക് നിർദേശം നൽകി.
പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തീകരിച്ച സ്ഥലങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകുന്നത് വേഗത്തിലാക്കുക, പൊതുമരാമത്ത്, എൻ.എച്ച് റോഡുകളിൽ ആവശ്യമായ ഇടങ്ങളിൽ റോഡ് ക്രോസിംഗ് പ്രവൃത്തികൾ വേഗത്തിലാക്കുക, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കീറിയ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കുന്നതിന് റിസ്റ്റോറേഷൻ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുക, നിലവിൽ സ്ഥാപിച്ച പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതും കേടുപാടുകൾ തീർക്കുന്നത് സംബന്ധിച്ചും വ്യക്തത വേണമെന്നതടക്കമുള്ള കാര്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
കോട്ടക്കൽ നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ നഗരസഭ അധ്യക്ഷർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.