കോട്ടക്കൽ: ആട്ടവിളക്കിനു മുന്നിൽ ആചാര്യന്മാർ ആടിത്തിമിർത്ത വേള കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിന് അവിസ്മരണീയ മുഹൂർത്തമായി. കഥകളിയിലെ എക്കാലത്തെയും കുലപതികളായ കലാമണ്ഡലം ഗോപിയാശാൻ, സദനം കൃഷ്ണൻകുട്ടി, മാർഗി വിജയകുമാർ എന്നിവർ അരങ്ങിൽ വേഷപ്പകർച്ചയുടെ ഭാവം തീർത്തപ്പോൾ കോട്ടക്കൽ പൂരം മൂന്നാം ദിനം വിസ്മയക്കാഴ്ചകളാൽ സമ്പന്നമായി. കുചേലവൃത്തമായിരുന്നു കഥ. കുചേലവേഷത്തിൽ ഗോപിയാശാൻ ആടിത്തിമിർത്തപ്പോൾ കൃഷ്ണനായി സദനം കൃഷ്ണൻകുട്ടിയും രുക്മിണിയായി മാർഗി വിജയകുമാറും ലാസ്യഭംഗി തീർത്തു.
രണ്ടര മണിക്കൂറോളം നീണ്ടുനിന്ന കുചേലവൃത്തത്തിന്റെ അരങ്ങിൽ ഭൂരിഭാഗം സമയവും ആശാൻ നിറഞ്ഞുനിന്നത് ആസ്വാദകർക്ക് നിറകൺവിരുന്നായി. വർഷങ്ങൾക്കുശേഷം മൂവരും ഒരുമിച്ച് വേദിയിലെത്തിയെന്നതും വ്യത്യസ്തമായി. 83കാരനായ സദനം കൃഷ്ണൻകുട്ടിയുടെ അഭ്യർഥന മാനിച്ചാണ് ഗോപിയാശാനും വിജയകുമാറിനുമൊപ്പം ഇങ്ങനെയൊരു അരങ്ങ് ആര്യവൈദ്യശാല ഒരുക്കിയത്. കോട്ടക്കൽ ശിവരാമന്റെ മരണശേഷം ഗോപിയാശാന്റെ നിത്യനായികയാണ് മാർഗി വിജയകുമാർ. ‘ബാലിവിജയം’ കിരാതം കഥകളിയിലൂടെ പി.എസ്.വി നാട്യസംഘത്തിൽനിന്നും പുറമെനിന്നുമുള്ള കലാകാരന്മാരും അരങ്ങിലെത്തി. ഞായറാഴ്ച രഞ്ജിനി, ഗായത്രി എന്നിവരുടെ സംഗീതക്കച്ചേരിയും മടിയൻ രാധാകൃഷ്ണമാരാരുടെ തായമ്പകയും നളചരിതം മൂന്നാം ദിവസം കഥകളിയും വേദിയെ ധന്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.