കോട്ടക്കൽ: റബർ തോട്ടങ്ങളിൽ ഇടവിളയായി ഔഷധസസ്യ കൃഷി ചെയ്യാനുള്ള കരാറിൽ കോട്ടക്കൽ ആര്യവൈദ്യശാലയും നിലമ്പൂർ റബർ ബോർഡ് റീജനൽ ഓഫിസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റബർ കൃഷിയുടെ അപക്വതാകാലമായ ആദ്യത്തെ ഏഴ് വർഷം കർഷകർക്ക് കാര്യമായ വരുമാനം ലഭിക്കാറില്ല. ടാപ്പിങ് തുടങ്ങുന്നതുവരെയുള്ള കാലയളവിൽ ഇടവിളയായി ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നത് കർഷകർക്ക് നല്ല വരുമാനവും ആശ്വാസവുമാണ്.
തുടക്കമെന്ന നിലയിൽ ആടലോടകം, കരിംകുറിഞ്ഞി, ഇഞ്ചി, ഇരുവേലി, കുറുന്തോട്ടി, ഓരില, മൂവില, തെച്ചി തുടങ്ങി പതിമൂന്നോളം ഔഷധസസ്യങ്ങൾ കൃഷി ചെയ്യാനാണ് പദ്ധതി. കർഷകന് വരുമാനവും അതേസമയം, ആയുർവേദ ഔഷധ നിർമാണത്തിന് ഗുണമേന്മയുള്ള സസ്യഒൗഷധങ്ങൾ യഥാസമയം ലഭ്യമാകുമെന്നതും പദ്ധതിയുടെ മേന്മയാണ്.
ആര്യവൈദ്യശാല ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ സീനിയർ മാനേജർ (മെറ്റീരിയൽസ്) ഷൈലജ മാധവൻകുട്ടി, നിലമ്പൂർ റബർ ബോർഡ് റീജനൽ ഓഫിസിലെ ഡെപ്യൂട്ടി റബർ പ്രൊഡക്ഷൻ കമീഷണർ ടി.പി. രാധാകൃഷ്ണൻ എന്നിവർ ഒപ്പുവെച്ചു. നിലമ്പൂർ കരുളായി റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ കീഴിൽ വരുന്ന തോട്ടങ്ങളിലാണ് ഇടവിളയായി ഒൗഷധസസ്യ കൃഷി ചെയ്യാൻ ധാരണയായത്. കർഷകർക്ക് വരുമാന വർധനക്ക് അവസരമൊരുക്കുന്ന സംരംഭത്തിൽ പങ്കാളിയാവുന്നതിൽ സന്തോഷമുണ്ടെന്ന് ആര്യൈവദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യരും ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ജി.സി. ഗോപാലപിള്ളയും പറഞ്ഞു. ചടങ്ങിൽ ഡോ. പി. ഗോപാലകൃഷ്ണൻ (സീനിയർ ഫിസിഷ്യൻ, മെറ്റീരിയൽസ്), ടി.കെ. സാബു (സീനിയർ മാനേജർ, എസ്റ്റേറ്റ്സ്) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.