മലപ്പുറം: കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് തയാറാക്കിയ വിശദ പദ്ധതി രേഖയിലെ (ഡി.പി.ആര്) അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷം. പഴയ മാര്‍ക്കറ്റ് പൊളിച്ച് പുതിയ കെട്ടിടസമുച്ചയ നിര്‍മാണത്തിന് സ്ഥലം രേഖപ്പെടുത്തിയതോടെ സമീപത്ത് നഗരസഭയുടെ തന്നെ അധീനതയിലുള്ള രണ്ട് കെട്ടിടങ്ങളും ഉള്‍പ്പെട്ടിരുന്നു. ഡി.പി.ആറില്‍ അപാകത വന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇത് തയാറാക്കിയ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പ്രതിപക്ഷം കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
അളവെടുപ്പ് പൂര്‍ത്തിയായതോടെ സാങ്കേതിക സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സമീപത്തെ രണ്ട് നഗരസഭ കെട്ടിടങ്ങളുടെ ഭാഗങ്ങളും ഇതിലേക്ക് വന്നത്. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഇത് അടയാളപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. കോട്ടപ്പടി തിരൂര്‍ റോഡിലേക്ക് നില്ക്കുന്ന കെട്ടിടവും പഴയ മാര്‍ക്കറ്റിനോട് ചേര്‍ന്ന് നിന്നിരുന്ന കെട്ടിടത്തിെൻറ ഭാഗങ്ങളുമാണ് പദ്ധതിയുടെ ഭാഗമായത്. തിരൂര്‍ റോഡിലേക്ക് നില്ക്കുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി കടയുടെയും മാര്‍ക്കറ്റിനരികിലെ കെട്ടിടത്തിലെ പഴക്കടയുടെയും മുന്‍വശവും നിര്‍മാണത്തിനായി അടയാളപ്പെടുത്തിയതിലുണ്ട്.
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷന്‍ മുജീബ് കാടേരി മറുപടി നൽകി. ഉചിതമായ നടപടി സ്വീകരിക്കും. പ്രവൃത്തി ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും നിര്‍മാണം ആരംഭിക്കാത്തത് ഇത്തരം വിഷയങ്ങൾ കാരണമാണ്. ഡി.പി.ആര് തയ്യാറാക്കുന്നതിന് സ്വകാര്യ ഏജന്‍സിക്ക് 22 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എട്ട് ലക്ഷം കൂടിയാണ് ബാക്കിയുള്ളത്. സംഭവത്തില്‍ കാര്യ ഏജന്‍സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തുക തിരിച്ച് പിടിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.