മലപ്പുറം: കോട്ടപ്പടി താലൂക്ക് ആശുപത്രിയുടെ താൽക്കാലിക പ്രവർത്തന മാറ്റത്തിനുള്ള അന്തിമ ഒരുക്കം സെപ്റ്റംബർ ഏഴിന് ചേരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്.എം.സി) യോഗം ചർച്ച ചെയ്യും. അതിന് മുന്നോടിയായി ഒ.പി വിഭാഗം മാറ്റാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ന്യായവില (ഫെയർ വാല്യു) പരിശോധന പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. നിലവിൽ ന്യായ വില നടപടി അന്തിമ ഘട്ടത്തിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വില്ലേജ് ഓഫിസിൽനിന്ന് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ന്യായവിലയിൽ അന്തിമ തീരുമാനമാകും. ഇതോടെ ആശുപത്രിയുടെ ഒ.പി പ്രവർത്തനം നിലവിൽ നിശ്ചയിച്ച കോട്ടപ്പടി അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ആശുപത്രി മാറ്റവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏഴിന് ചേരുന്ന എച്ച്.എം.സി യോഗം ചർച്ച ചെയ്യും. ആഗസ്റ്റ് 21ന് ചേർന്ന എച്ച്.എം.സി യോഗത്തിലാണ് ആശുപത്രി പ്രവർത്തനം മാറ്റാൻ നേരത്തെ തീരുമാനമെടുത്തത്.
ഒ.പി, കിടത്തി ചികിത്സ (ഐ.പി), മരുന്ന് സംഭരണ കേന്ദ്രം, എക്സ് റേ യൂനിറ്റ് എന്നിവയാണ് അധികൃതർ താൽക്കാലികമായി മാറ്റി ക്രമീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഒ.പി വിഭാഗം ആശുപത്രിക്ക് അടുത്തുള്ള അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിലേക്ക് മാറ്റും. കിടത്തി ചികിത്സ നിലവിൽ ഒ.പി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും മരുന്ന് സംഭരണ കേന്ദ്രം കുന്നുമ്മൽ ടൗൺഹാളിലെ ഭക്ഷണ ഹാളിലേക്കും മാറ്റും. എക്സ് റേ യൂനിറ്റ് ഒ.പി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കണ്ണ് പരിശോധന കേന്ദ്രത്തിലേക്ക് മാറ്റും. കിടത്തി ചികിത്സക്ക് പരമാവധി സൗകര്യമൊരുക്കുന്നതിന് ഒ.പി കെട്ടിടത്തിൽ ക്രമീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഒ.പി പ്രവർത്തനം ആരംഭിക്കേണ്ട അബ്ദുറഹ്മാൻ സ്മാരക ഓഡിറ്റോറിയത്തിൽ അത്യാവശ്യ സൗകര്യങ്ങളുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ടൗൺ ഹാളിലേക്ക് മാറ്റുന്ന മരുന്ന് സംഭരണ കേന്ദ്രത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഫണ്ട് പ്രയോജനപ്പെടുത്തി ഒരുക്കാനാണ് നിശ്ചയിച്ചിരുന്നത്.
മരുന്ന് സൂക്ഷിക്കുന്നതിനുള്ള ശീതീകരണ മുറിയടക്കം ഇതിലുണ്ടാകും. ഒ.പി കെട്ടിടത്തിലെ ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങുന്ന സൗകര്യം പുറത്തേക്ക് മാറ്റും. നിലവിൽ ഒ.പി കെട്ടിടത്തിനുള്ളിലാണ് മരുന്ന് വാങ്ങാൻ സൗകര്യമുള്ളത്. ശോച്യാവസ്ഥയിലുള്ള ആശുപത്രി കെട്ടിടം പൊളിക്കുന്നത് വരെയാണ് ഈ താൽക്കാലിക സംവിധാനം പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.