മലപ്പുറം: ഭാരത് മാല പദ്ധതിപ്രകാരം നിർമിക്കുന്ന നിർദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ദേശീയപാതക്കായുള്ള ത്രീ എ വിജ്ഞാപനം ഈ മാസം അവസാനത്തോടെ ഇറങ്ങും. നിലവിൽ കോഴിക്കോട് ജില്ലയിൽ വിജ്ഞാപനം ഇറങ്ങിയ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കലക്ടർ സി. പത്മചന്ദ്രക്കുറുപ്പ് പറഞ്ഞു. ത്രീ എ വിജ്ഞാപനം വരുന്നതോടെ പാതയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികൾക്ക് വേഗം കൂടും.
പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അവസാനിക്കുന്ന പാതക്ക് 121 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 52.96 കിലോമീറ്റർ ദൂരം കടന്നുപോകുന്നത് ജില്ലയിലെ കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിലെ 15 വില്ലേജിലൂടെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 236 ഹെക്ടർ പ്രദേശമാണ് ജില്ലയിൽനിന്ന് ഏറ്റെടുക്കേണ്ടതെന്നും ഡെപ്യൂട്ടി കലക്ടർ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പങ്കാളിത്തത്തോടെ നിലവിലെ എറണാകുളം-സേലം, പനവേൽ-കന്യാകുമാരി ദേശീയപാതകളെ ബന്ധിപ്പിച്ചാണ് പുതിയ ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്. 45 മീറ്ററിൽ നിർമിക്കുന്ന പുതിയ ആറുവരി പാത ജില്ലയിലെ അവികസിത മേഖലയിലൂടെയാണ് കടന്നുപോകുക. നിർദിഷ്ട പാതയിൽ രണ്ട് മേൽപാലങ്ങളും നിലവിലെ റോഡിനെ ബന്ധിപ്പിച്ച് അടിപ്പാതകളും മേൽപാതകളും ഇരുവശത്തുമായി സർവിസ് റോഡുകളും ഉണ്ടാകും.
ഗ്രീൻഫീൽഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി സാധ്യതാപഠനത്തിന് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടി.പി.എഫ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ കൺസൽട്ടന്റായി നിയമിച്ചിരുന്നു. ഇവരുടെ പഠന റിപ്പോർട്ട് ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി കലക്ടർമാർക്ക് നൽകിയിട്ടുണ്ട്. പദ്ധതിക്കായി ഭൂമി നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസത്തിനും അര്‍ഹതയുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് 2.86 ലക്ഷവും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 75,000 രൂപയും കാലിത്തൊഴുത്തിനും പെട്ടിക്കടകള്‍ക്കും 25,000 രൂപയും അധികമായി അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.