മലപ്പുറം: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ സ്ഥലമേറ്റടുക്കലിന്റെ ഭാഗമായി ജില്ലയിലെ കല്ലിടലിന് തുടക്കം. പാലക്കാട് ജില്ലയില്‍നിന്നു പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടി പ്രദേശത്താണ് ആദ്യകല്ല് സഥാപിച്ചത്.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളില്‍ കൂടിയാണ് പാത കടന്നുപോകുന്നത്. 121 കിലോമീറ്റര്‍ പാതയിലെ 52.8 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. എടപ്പറ്റ, കരുവാരകുണ്ട്, തുവൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളങ്കൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, വില്ലേജുകളിലൂടെയാണ് ജില്ലയിലെ പാത കടന്നുപോകുന്നത്. 45 മീറ്റര്‍ വീതിയില്‍ പൂര്‍ണമായും പുതിയ പാതയാണ് നിര്‍മിക്കുന്നത്. ഓരോ 50 മീറ്ററിലും ഇരുവശത്തും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കും.
ഇത്തരത്തില്‍ 2144 അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. അലൈന്മെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജി.പി.എസ് കോഓഡിനേറ്റ്സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകള്‍ സ്ഥാപിക്കുന്നത്. കല്ലുകള്‍ക്ക് സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തില്‍ പുനഃസ്ഥാപിക്കാം. കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് അതത് ഭൂ ഉടമസ്ഥര്‍ ഉറപ്പുവരുത്തണം.
അല്ലാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകുമെന്ന് അധികൃതർ അറിയിച്ചു. കല്ലിടൽ ഒരു മാസംകൊണ്ട് പൂർത്തിയാക്കും. ഇതിനോടൊപ്പം സര്‍വേയും ആരംഭിക്കും. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഓരോരുത്തരില്‍ നിന്നു ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതായിരിക്കും. ഇതിനായി ബന്ധപ്പെട്ട ഭൂ ഉടമസ്ഥര്‍ ആധാരത്തിന്റെയും നികുതി രസീതിയുടെയും പകര്‍പ്പുകള്‍ സഹിതം സ്ഥലത്ത് ഉണ്ടായിരിക്കണം. ആദ്യകല്ല് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണും എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വലിയാട്ടില്‍ സഫിയയും ചേര്‍ന്ന് നിര്‍വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ കെ. കബീർ, ഇ.എ. നാസര്‍, തഹസില്‍ദാര്‍ പി. ഷംസുദ്ദീന്, ലെയ്സണ്‍ ഓഫിസര്‍മാരായ സി.വി. മുരളീധരന്, സുഭാഷ് ചന്ദ്രബോസ്, ദേശീയപാത അതോറിറ്റി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഭിഷേക്, സര്‍വേയര്‍മാരായ നിസാമുദ്ദീന്‍, വര്‍ഗീസ് മംഗലം, വിഷ്ണു എന്നിവർ സംബന്ധിച്ചു.
വിലനിർണയം കണക്കെടുപ്പിന് ശേഷം
നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം വിലനിര്‍ണയത്തിലേക്ക് കടക്കും. നഷ്ടപ്പെടുന്ന ഭൂമി, നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവക്ക് ഓരോന്നിനും പ്രത്യേകമായി വില നിശ്ചയിക്കും. ഭൂമിയുടെ വില റവന്യൂ അധികൃതരും നിര്‍മിതികളുടെ വില പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാര്‍ഷിക വിളകളുടേത് കൃഷി ഓഫിസര്‍മാരും മരങ്ങളുടേത് ഫോറസ്റ്റ് അധികൃതരുമാണ് നിശ്ചയിക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാര നിര്‍ണയവും പുനരധിവാസവും.
ഏറ്റെടുക്കുന്ന ഭൂമിക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവക്ക് ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കും. നിശ്ചയിച്ച നഷ്ടപരിഹാരതുക ഡെപ്യൂട്ടി കലക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയശേഷം മാത്രമേ ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നല്കു. ഒഴിയുന്നതിന് 60 ദിവസം വരെ സമയമെടുക്കാം. വിട്ടൊഴിഞ്ഞതിനു ശേഷം നഷ്ടപരിഹാരം അക്കൗണ്ടില്‍ എത്തും. അതിനുശേഷമാണ് കെട്ടിടം പൊളിക്കലും റോഡ് നിര്‍മാണവും ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.