മലപ്പുറം: ആഹ്ലാദം ആവേശം തീർത്ത കലാവേദിയിൽ കലാകാരൻമാർ വസന്തം നെയ്തെടുത്തപ്പോൾ കുടുംബശ്രീ ജില്ല മിഷൻ ബഡ്സ് സ്കൂൾ കലാമേള രണ്ടാംദിനത്തിലും ആവേശപ്പൂരമായി. 28 പോയന്റുമായി വട്ടംകുളം ബഡ്സ് സ്കൂളാണ് രണ്ടാംദിനത്തിൽ മുന്നിൽ. 22 പോയന്റുമായി മാറഞ്ചേരി ബി.ആർ.സി രണ്ടാമതുണ്ട്. 21 പോയന്റുമായി മക്കരപറമ്പ് ബഡ്സ് സ്കൂൾ മൂന്നാമതെത്തി.
വേദി ഒന്ന് തുമ്പയിൽ രാവിലെ പത്ത് മുതൽ വാശിനിറഞ്ഞ കോൽക്കളി മത്സരം അരങ്ങേറിയപ്പോൾ വേദി രണ്ട് മുല്ലയിൽ ജൂനിയർ ആൺ, പെൺ നാടോടിനൃത്തവും ജൂനിയർ, സീനിയർ മിമിക്രി മത്സരവും അരങ്ങ് തകർത്തു. വേദി മൂന്ന് മന്ദാരത്തിൽ ജൂനിയർ, സീനിയർ മാപ്പിളപ്പാട്ട് മത്സരത്തെ നിറഞ്ഞ കരഘോഷത്തോടെ സദസ്സ് ഏറ്റെടുത്തു.
സ്റ്റേജിതര മത്സരങ്ങളായ എമ്പോസ് പെയിന്റിങ്, പ്രവൃത്തി പരിചയം എന്നിവയും രണ്ടാംദിനം അരങ്ങേറി. നാടോടി നൃത്തത്തിൽ 21 പേരും മിമിക്രി ജൂനിയർ - എട്ട്, എംപോസ് പെയിന്റിങ്ങ് - 20, പ്രവൃത്തി പരിചയം - 11, നാടോടിനൃത്തം ജൂനിയർ ആൺ - ഏഴ്, കോൽക്കളി - 33, സീനിയർ മാപ്പിളപ്പാട്ട് - 36 എന്നിങ്ങനെയാണ് ബുധനാഴ്ച മത്സരിച്ചത്. സംഘനൃത്തം, സംഘഗാനം, പ്രച്ഛന്നവേഷം എന്നിവ വ്യാഴാഴ്ച അരങ്ങേറും. സമാപന സമ്മേളനം ഉച്ചക്ക് 2.30ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, നഗരസഭ ചെയർമാൻ മുജീബ് കാടേരി എന്നിവർ സംസാരിക്കും.
മലപ്പുറം: സ്റ്റേജിതര മത്സര വിഭാഗമായ പ്രവൃത്തി പരിചയത്തിൽ വിസ്മയം തീർത്ത് മുഹമ്മദ് അഷ്റഫ്. ചോക്കാട് ബി.ആർ.സിയിലെ ഈ വിദ്യാർഥിയുടെ മികച്ച പ്രകടനത്തോടെ ഒന്നാംസ്ഥാനം തന്നെ നേടിയെടുത്തു. ഹാങ്ങിങ് ചെയിൻ, കിളിക്കൂട്, പഞ്ഞിയും കവറുകളും ഉപയോഗിച്ച് വെളുത്തുള്ളി, ഫ്ലവർ വേസ് എന്നിവ നിമിഷനേരം കൊണ്ടാണ് നിർമിച്ചത്.
കാളികാവ് ഉദരംപൊയിൽ തെന്നിലകത്ത് പരേതനായ ഹുസൈന്റെയും ഖദീജയുടെയും മകനാണ്. അധ്യാപിക ദിവ്യ, ആയ രസ്ന എന്നിവർക്കൊപ്പമാണ് മത്സരത്തിനെത്തിയത്. കോൽക്കളിയിലും ഒരു കൈ നോക്കിയാണ് മടങ്ങിയത്. വിവിധ കാറ്റഗറിയിൽ 20 കുട്ടികളാണ് ഈ സ്കൂളിൽനിന്ന് മേളയിൽ മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.