മലപ്പുറം: രണ്ടു ദിവസമായി മലപ്പുറം ഗവ. കോളജിൽ നടന്ന കുടുംബശ്രീ കലോത്സവം ‘അരങ്ങ്’ സമാപിച്ചു. നാലു വേദികളിലായി 61 ഇനങ്ങളിലൂടെ 1000 ത്തോളം വനിതകളാണ് ‘അരങ്ങി’ൽ മാറ്റുരച്ചത്.
കുടുംബശ്രീ, ഓക്സിലറി വിഭാഗങ്ങളിൽനിന്ന് വിവിധ സി.ഡി.എസ് പരിധിയിലെ അംഗങ്ങളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരിച്ചത്. സ്കൂൾ കലോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങൾ. തനത് കലാരൂപങ്ങളായ അലാമികളിയും, കണ്ണേറുപാട്ട്, മറയൂരാട്ടം, മരംകൊട്ടു പാട്ട്, കൂളിപാട്ട് എന്നിവയും കാണികൾക്ക് നവ്യാനുഭവമായി. വിവിധ കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങളുടെ വിപണന സ്റ്റാളുകളും വേദിക്ക് സമീപങ്ങളിൽ സജ്ജീകരിച്ചിരുന്നു.
വാശിയേറിയ മത്സരത്തിനൊടുവിൽ കൊണ്ടോട്ടി താലൂക്ക് ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്ഥാനം തിരൂരങ്ങാടി താലൂക്കും ഏറനാട് താലൂക്കും പങ്കിട്ടു. പെരിന്തൽമണ്ണ താലൂക്കിനാണ് മൂന്നാം സ്ഥാനം. കൊണ്ടോട്ടി താലൂക്കിൽ ഉൾപ്പെട്ട വാഴയൂർ സി.ഡി.എസാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത്. രണ്ടാം സ്ഥാനവുമായി വള്ളിക്കുന്നും മൂന്നാം സ്ഥാനം കുറുവ സി.ഡി.എസും നേടി. പുറത്തൂർ സി.ഡി.എസിൽ നിന്നുള്ള എം. പ്രീജ കലാതിലകമായി. സ്റ്റേജ് ഇതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വള്ളിക്കുന്ന് സി.ഡി.എസിലെ പി. കാവ്യശ്രീ ആണ് സർഗപ്രതിഭ. സമാപന ചടങ്ങ് കുടുംബശ്രീ ഗവേണിങ് ബോഡി എക്സിക്യൂട്ടീവ് അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മാനേജർ വി.എസ്. റിജേഷ് സ്വാഗതവും ജില്ല പ്രോഗ്രാം മാനേജർ എൻ.ആർ. ഷംന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.