തിരൂർ: മലയാള ഭാഷക്ക് എന്നെന്നും ഓർക്കാൻ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലക്ക് തുടക്കമിട്ടത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2012ൽ സംസ്ഥാന സർക്കാറിന്റെ ഉത്തരവിലൂടെയാണ് മലയാള സർവകലാശാല സ്ഥാപിതമായത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് തിരൂരിൽ 18 മാസംകൊണ്ട് സർവകലാശാല യാഥാർഥ്യമാക്കിയത്. 2012 നവംബർ ഒന്നിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മലയാളം സർവകലാശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. 2013 ഏപ്രിലിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആക്ട് നിലവിൽ വരുകയും ചെയ്തു. ഭാഷപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽ മലയാള സർവകലാശാല ഇന്ന് തലയുയർത്തി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുമ്പോൾ മലയാളികൾക്ക് എന്നെന്നും ഓർക്കാനുള്ള ഇടപെടൽ നടത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു. വിജ്ഞാന മാധ്യമം എന്ന നിലയിൽ മലയാള ഭാഷയെ വികസിപ്പിക്കാനുള്ള ഒരിടമായി മലയാള സര്‍വകലാശാല മാറി.
ഇത് കേരളത്തിന്റെത്തന്നെ വലിയ നേട്ടമായി ഉയർത്തിക്കാട്ടുന്നു. മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനെ മലയാള സർവകലാശാലയുടെ പ്രഥമ വി.സിയാക്കി സ്ഥാപനത്തെ ഉയർത്താൻ എല്ലാ പ്രവർത്തനങ്ങളും നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. തിരൂരുകാർക്ക് എന്നും വിളിപ്പാടകലെയായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി തിരൂരിലെത്തിയത് 19 തവണയാണ്.
വിവിധ സർക്കാർ പരിപാടികളുടെ ഉദ്ഘാടനത്തിനും കെട്ടിടങ്ങളുടെ ശിലാസ്ഥാപനത്തിനുമായാണ് അദ്ദേഹം എത്തിയത്. 2011ൽ മുഖ്യമന്ത്രിയായിട്ട് ജില്ലയിലെ ആദ്യ പരിപാടിയും തിരൂർ മണ്ഡലത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.