മലപ്പുറം: പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉയർന്ന മാർക്കോടെ ജയിച്ചിട്ടും ബിരുദ പഠനത്തിന് സൗകര്യമില്ലാതെ ജില്ലയിൽ വിദ്യാർഥികൾ വലയുന്നു. 99 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടും പ്രമുഖ കോളജുകളിലൊന്നും സീറ്റ് കിട്ടാത്ത സ്ഥിതിയാണ്. പ്ലസ് ടുവിന് 1200ൽ 1200 മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് പോലും ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കാൻ അവസരമില്ല. 65,000ത്തോളം വിജയികളുള്ള ജില്ലയിൽ സർക്കാർ, എയ്ഡഡ് മേഖലയിലുള്ളത് അയ്യായിരത്തിൽപരം സീറ്റുകൾ മാത്രമാണ്. വിജയികളുടെ മൂന്നിലൊന്ന് പേർക്ക് പോലും സീറ്റില്ല. ജില്ലക്ക് പുറത്തുള്ളവരും പ്രവേശനം തേടുമെന്നതിനാൽ പ്രതിസന്ധി രൂക്ഷമാവുന്നു. സർക്കാർ, എയ്ഡഡ് കോളജുകളിൽ ബിരുദ പഠനത്തിന് സീറ്റ് വർധിപ്പിക്കണമെന്നും കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്നുമുള്ള ആവശ്യം ഇത്തവണയും ശക്തമാണ്.
ആകെയുള്ളത് 19,335 ബിരുദ സീറ്റുകൾ
കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ഒമ്പത് സർക്കാർ കോളജുകളും 19 എയ്ഡഡ് കോളജുകളും 65 സ്വാശ്രയ കോളജുകളുമാണ് ബിരുദ പഠനത്തിന് ജില്ലയിലുള്ളത്. എയ്ഡഡിൽ 3852ഉം സർക്കാറിൽ 1546ഉം ആണ് സീറ്റുകളുടെ എണ്ണം. ഇതിൽ നോൺ മെറിറ്റ് സീറ്റുകളുമുണ്ട്. 65 സ്വാശ്രയ കോളജുകളിലെ ബിരുദ സീറ്റുകൾ 13,937 ആണ്. ഇത്തരം കോളജുകളിൽ മെറിറ്റ് സീറ്റിൽ പഠിക്കാനും വലിയ ഫീസ് നൽകണം. 90 ശതമാനത്തിന് താഴെ മാർക്കുള്ളവർക്ക് ഫീസില്ലാതെ പഠിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. മൂന്ന് വിഭാഗങ്ങളിലുമായി ആകെ 19,335 സീറ്റുകളിലാണ് പ്രവേശനം. കഴിഞ്ഞ വർഷം ആനുപാതിക സീറ്റ് വർധനയിൽ 20,861 ആയി ഉയർന്നിരുന്നു. കാലിക്കറ്റിൽ ആരംഭിച്ച നാല് ഇൻറഗ്രേറ്റഡ് പി.ജി കോഴ്സുകളിലായി 80 പേർക്ക് കൂടി ഇത്തവണ ബിരുദ പഠനത്തിന് അവസരം ലഭിക്കും.
എൻജിനീയറിങ്, മെഡിക്കൽ പഠന സൗകര്യങ്ങളും തഥൈവ
മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രമാണ് സർക്കാർ മേഖലയിൽ മെഡിക്കൽ പഠന സൗകര്യമുള്ളത്. ഒരു എയ്ഡഡ് ആയുർവേദ കോളജുമുണ്ട്. ജില്ലയിലെ ആകെ മെഡിക്കൽ, പാരാമെഡിക്കൽ സീറ്റുകളുടെ എണ്ണം 1150 ആണ്. എൻജിനീയറിങ്ങിന് 3970 സീറ്റുകളുണ്ടെങ്കിലും എല്ലാം സ്വാശ്രയ മേഖലയിലാണ്. ജില്ലക്ക് സർക്കാർ എൻജിനീയറിങ് കോളജ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
എയ്ഡഡ് മേഖലയിൽേപാലും ഇല്ല. അഗ്രികൾചറൽ 80, നിയമ പഠനം 420 എന്നിങ്ങനെയാണ് മറ്റു കോഴ്സുകളുടെ സീറ്റ് എണ്ണം. ലോ കോളജുകളും സ്വാശ്രയ മേഖലയിലാണ്.
പന്ത്രണ്ടാം ക്ലാസ് ജയിച്ചവർ 64,331
ആകെ 64,331 പേരാണ് ഈ വർഷം പന്ത്രണ്ടാം ക്ലാസ് ജയിച്ചത്. ഹയർ സെക്കൻഡറി 51543, വി.എച്ച്.എസ്.ഇ 1731, ടി.എച്ച്.എസ്.ഇ 203, വി.എച്ച്.എസ്.ഇ (എൻ.എസ്.ക്യൂ.എഫ്) 410, സ്കോൾ കേരള 9645, സി.ബി.എസ്.ഇ 799 എന്നിങ്ങനെയാണ് കണക്ക്. പലരും പ്രഫഷനൽ കോഴ്സുകളിലേക്ക് മാറുമെങ്കിലും നല്ലൊരു ശതമാനം ബിരുദ പഠനം ആഗ്രഹിക്കുന്നുണ്ട്. ഇതിന് അവസരമില്ലാത്തതിനാലാണ് ജില്ലക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമെല്ലാം ഉയർന്ന ഫീസ് നൽകി പഠിക്കാൻ നിർബന്ധിതരാവുന്നത്.
അപേക്ഷയിനത്തിൽ ചെലവാകുന്നത് വൻ തുക
സീറ്റ് എവിടെ കിട്ടുമെന്നറിയാത്തതിനാൽ എല്ലാ പ്രമുഖ കോളജുകളിലും അപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. കോഴിക്കോട്, മലപ്പുറം ജില്ലയിലെ മൂന്ന് പ്രമുഖ കോളജുകൾ സ്വയംഭരണ കോളജുകളാണ്. എല്ലായിടത്തും അപേക്ഷിക്കണമെങ്കിൽ വെവ്വേറെ ഫീസ് അടക്കണം. അപേക്ഷയിനത്തിൽ മാത്രം ലക്ഷങ്ങളാണ് കോളജുകൾക്ക് ലഭിച്ചത്. ഒരുകോടിയോളം രൂപവരെ ലഭിച്ച കോളജുകളുണ്ട്. മലബാറിന് പുറത്തും പ്രമുഖ കോളജുകളിൽ പലതും സ്വയംഭരണ സ്ഥാപനങ്ങളാണ്. ഫീസിനത്തിൽ വൻ തുകയാണ് ഇവർക്കെല്ലാം ലഭിച്ചത്. കാലിക്കറ്റ്, എം.ജി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിൽ ആദ്യ അലോട്ട്മെൻറ് വന്നെങ്കിലും ഇഷ്ട കോളജുകളിൽ മഹാഭൂരിപക്ഷത്തിനും അവസരം കിട്ടിയിട്ടില്ല. രണ്ടാം അലോട്ട്മെൻറ് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, അലോട്ട്മെൻറ് ഫീസടക്കൽ നിർബന്ധവുമാണ്. കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ പ്രവേശന പരീക്ഷകൾക്കും ആയിരക്കണക്കിന് വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്യുന്നത്. പോണ്ടിച്ചേരി, ഹൈദരാബാദ്, ഡൽഹി യൂനിവേഴ്സിറ്റികളുടെയെല്ലാം പ്രവേശന പരീക്ഷകൾ നിരവധി വിദ്യാർഥികളാണ് എഴുതുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് അപേക്ഷയിനത്തിൽ വരുന്ന ഫീസ്. ഇതിന് പുറമെ കുട്ടികളുമായി എൻട്രൻസ് പരീക്ഷ നടക്കുന്ന കോളജുകളിലെത്തുന്നതിനുള്ള ചെലവ് വേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.