മലപ്പുറം: കോഡൂർ വലിയാട്ട് മിനിവാൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കാൽനടക്കാരനായ വലിയാട് അല്ലക്കാട്ട് ഇബ്രാഹിം മരണപ്പെട്ട സംഭവത്തിലെ യഥാർഥ കുറ്റവാളികൾ ഗെയിൽ കമ്പനിയും അവരുടെ കരാർ ഏറ്റെടുത്ത് നടത്തുന്നവരുമാണെന്ന് നാട്ടുകാർ. ഗെയിലിന്‍റെ സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പിടുന്ന പ്രവൃത്തി കോഡൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടക്കുന്നുണ്ട്. ഇതിനായി വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഒന്നുമില്ലാതെ എടുത്ത കുഴിയിലേക്ക് വാഹനം മറിഞ്ഞതാണ് ഇബ്രാഹിമിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
കുഴിക്കും വാഹനത്തിനും ഇടയിൽ കുടുങ്ങിയ ഇബ്രാഹിമിനെ ക്രെയിൻ എത്തിച്ച് മിനിവാൻ പൊക്കിയ ശേഷമാണ് പുറത്തെടുക്കാനായത്. അപ്പോഴേക്കും ഇദ്ദേഹത്തിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ദിവസവും ജോലിക്കും മറ്റുമായി ഇബ്രാഹിം ഇതുവഴിയാണ് നടന്നുപോകാറുള്ളത്. പതിവുപോലെ ചൊവ്വാഴ്ചയും രാവിലെ ആറിന് റോഡിലൂടെ പോകുമ്പോഴായിരുന്നു അപകടം. മഴപെയ്തു കൊണ്ടിരുന്നതിനാൽ വാഹന ഡ്രൈവർക്ക് കുഴിയുള്ള ഭാഗം കൃത്യമായി അറിയാൻ കഴിഞ്ഞിട്ടുണ്ടാകില്ലയെന്ന് നാട്ടുകാരിൽ ചിലർ ചൂണ്ടിക്കാട്ടി. റോഡിലുള്ള കുഴിയിൽ ചാടിയ വാഹനം ഉയർന്നുപൊങ്ങി ഇബ്രാഹിമിന്‍റെ ദേഹത്തേക്ക് മറിയുകയായിരുന്നു. വലിയാട് മുതൽ ചട്ടിപ്പറമ്പ് വരെ ഇത്തരത്തിൽ മുന്നിറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാതെ 11 കുഴികളാണ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കരാറുകാരൻ എടുത്തിട്ടുള്ളതെന്ന് കോഡൂർ പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി.
വലിയാട്ട് പ്രവൃത്തിക്കായി കീറിയ കുഴിയിലെ മണ്ണ് അഴുക്കുചാലിലേക്ക് തള്ളിയതിനാൽ ചാലിലൂടെ വെള്ളം ഒഴുകാതെ റോഡിലൂടെ കുത്തിയൊലിക്കുകയാണ്. അശാസ്ത്രീയമായാണ് പ്രവൃത്തി നടത്തുന്നതെന്ന് കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് സിറ്റി ഗ്യാസ് പദ്ധതി പ്രകാരം ലിഖിത ഗ്രൂപ്പ് ആണ് പദ്ധതി ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.
ഫോണിലും നേരിട്ടും കാര്യങ്ങൾ സംസാരിച്ചാൽ ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ഇവർ ചൂണ്ടിക്കാട്ടി. അപകടസാധ്യത പലവട്ടം ഉപകരാറുകാരന്‍റെയും ഗെയിൽ അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു.
അപകടത്തെ തുടർന്ന് ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ല കലക്ടറെയും ഇന്ത്യന്‍ഓയില്‍ അദാനി ഗ്യാസ് പദ്ധതി മാനേജര്‍ ഹരികൃഷ്ണനെയും നേരില്‍ കണ്ട് ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ കുഴി അടക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ബന്ധപ്പെട്ടവര്‍ക്ക് കലക്ടര്‍ നിർദേശം നല്‍കി.
അപകട സ്ഥലത്തെ അഴുക്കുചാലിലെ മണ്ണ് മാറ്റുമെന്നും കുഴി അടക്കാന്‍ കരാറുകാരന് നിർദേശം നല്‍കിയതായും അദാനി ഗ്യാസ് അതോറിറ്റി മാനേജര്‍ ഹരികൃഷ്ണനും ഉറപ്പുനൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, സ്ഥിരം സമിതി അധ്യക്ഷരായ ആസ്യ കുന്നത്ത്, ശിഹാബ് അരീക്കത്ത്, പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കെ.എന്‍. ഷാനവാസ്, മെമ്പര്‍മാരായ കെ.ടി. റബീബ്, ടി. അജ്മല്‍, മുംതാസ് വില്ലന്‍, ജൂബി മണപ്പാട്ടില്‍, ആസിഫ് മുട്ടിയറക്കല്‍ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.