മലപ്പുറം: ഉരുക്കുകോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എം നീക്കങ്ങളെ നിഷ്പ്രഭമാക്കിയാണ് മലപ്പുറത്തും പൊന്നാനിയിലും മുസ്ലിം ലീഗ് റെക്കോഡ് വിജയം നേടിയത്. സ്വന്തം നാട്ടിൽ ആദ്യ അങ്കത്തിനിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീറിനും വ്യക്തിപ്രഭാവംകൊണ്ട് മണ്ഡലത്തിലുടനീളം ഓടിനടന്ന സമദാനിക്കും രാജകീയ വിജയമാണ് ജില്ല സമ്മാനിച്ചത്. പുതിയ മണ്ഡലത്തിൽ പുതിയ പദ്ധതികളുമായി പ്രവർത്തന ഗോദയിലിറങ്ങുന്ന എം.പിമാർ തെരഞ്ഞെടുപ്പ് അനുഭവങ്ങളും പ്രതീക്ഷകളും ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
കഴിഞ്ഞതവണത്തെക്കാൾ ഭൂരിപക്ഷം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്നു ലക്ഷത്തിനു മുകളിലുള്ള ഈ വലിയ ഭൂരിപക്ഷം സങ്കൽപത്തിൽപോലും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലെ വാർത്തകൾക്കപ്പുറമാണ് യാഥാർഥ്യങ്ങൾ. യു.ഡി.എഫിന്റെ ഐക്യവും ലീഡർഷിപ്പുമാണ് വിജയത്തിന് ആക്കംകൂട്ടിയത്. സ്വന്തം നാട്ടിൽ മത്സരിച്ചത് ആദ്യാനുഭവമായിരുന്നു. വിജയത്തിന് അത് വളരെ അനുകൂല ഘടകമായി മാറിയിട്ടുണ്ട്.
നയപരമായ പാളിച്ചകളും ഏകാധിപത്യ സ്വഭാവവും സി.പി.എമ്മിന്റെ തോൽവിക്ക് കാരണമായി. അവരുടെ ഉള്ളിൽ ഒരുപാട് തെറ്റായ അജണ്ടകൾ ഉണ്ടെന്ന് തെളിയിക്കുകകൂടിയാണ് ഈ തെരഞ്ഞെടുപ്പ് ചെയ്തത്. ഈ ഫലം ഒരുപാട് നിഗൂഢതകൾ പുറത്തുകൊണ്ടുവന്നു. ഏതെല്ലാം വിധത്തിൽ സി.പി.എം ചതിച്ചിട്ടുണ്ടെന്ന് ജനങ്ങളുടെ മനസ്സിലുണ്ട്. ഇനിയുള്ള തെരഞ്ഞെടുപ്പ് കാലങ്ങളിലും സി.പി.എം മറുപടി പറയേണ്ട ചോദ്യങ്ങളായി അവ ചർച്ചചെയ്യപ്പെടും.
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഐക്യത്തോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങൾതന്നെയാണ് യു.ഡി.എഫിന്റെ ഈ വിജയ തേരോട്ടത്തിന് കാരണം. അകൽച്ചകളെയും അഭിപ്രായവ്യത്യാസങ്ങളെയും എല്ലാം പെട്ടെന്ന് പരിഹരിക്കാൻ കഴിഞ്ഞു. പ്രചാരണശൈലിയിലും നൂതനമായ മാർഗങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സോഷ്യൽ മീഡിയ സംവിധാനങ്ങളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തി.
നരേന്ദ്ര മോദി സമീപകാലത്ത് എടുത്ത ഏക അജണ്ട ന്യൂനപക്ഷവിരുദ്ധതയാണ്. അതിനോടുള്ള മതേതര വിശ്വാസികളുടെ പ്രതിഷേധമാണ് അവർ തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചത്.
ദേശീയ രാഷ്ട്രീയത്തിൽ സാങ്കേതികമായി ബി.ജെ.പി വിജയിച്ചിട്ടുണ്ടെങ്കിലും യഥാർഥത്തിൽ അവരുടെ തകർച്ചയാണ് ഫലം കാണിക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ പേരിൽ ഭീകരനിയമങ്ങൾ നടപ്പാക്കാൻ ഇനി അവർക്ക് കഴിയില്ല. ശക്തമായ ഒരു പ്രതിപക്ഷം രാജ്യത്ത് രൂപപ്പെട്ടു. ബി.ജെ.പിയുടെ പതനത്തിന് ആക്കംകൂട്ടിയ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്.
മലപ്പുറത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. മലപ്പുറം മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെ എം.എൽ.എമാരുമായി കൂടിയാലോചിച്ച് പദ്ധതികൾ തയാറാക്കും. എല്ലാ മണ്ഡലങ്ങളുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി എം.എൽ.എമാരോട് ചേർന്നുനിന്ന് പദ്ധതികൾ ആവിഷ്കരിക്കും.
ഭൂരിപക്ഷത്തിനുമപ്പുറം പൊന്നാനി സമ്മാനിച്ച ഹൃദയം തൊട്ട സ്നേഹമാണ് മനസ്സിന് ആനന്ദം പകരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ പലരും ഭൂരിപക്ഷം എത്രയെന്ന് ചോദിച്ചിരുന്നെങ്കിലും അത് ജനമനസ്സിലാണ് എന്നാണ് ഞാൻ മറുപടി നൽകിയത്. ആ വലിയ സ്നേഹം തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിച്ചു. അതാണ് സകല റെക്കോഡുകളെയും മറികടന്ന ഭൂരിപക്ഷമായി കലാശിച്ചത്.
ആദ്യമായിട്ടാണ് പൊന്നാനി മണ്ഡലത്തിലെ വോട്ടറായ ഒരു വ്യക്തി ഇവിടെനിന്ന് ലോക്സഭ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഈ വലിയ വിജയത്തിന് എന്നെ സജ്ജമാക്കിയത് എന്റെ നാട്ടുകാരാണ്. നാട്ടുകാരുടെ നിസ്സീമമായ സഹകരണവും സ്നേഹവും പിന്തുണയും ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പ്രവർത്തകർക്ക് പുറമെ സ്ത്രീകളും പ്രായംചെന്നവരും വോട്ടില്ലാത്ത കുട്ടികളുമുൾപ്പെടെയുള്ളവർ നൽകിയ പിന്തുണ വലിയ ഊർജമാണ് നൽകിയത്.
യു.ഡി.എഫ് നേതാക്കളുടെ നേതൃപാടവവും അണികളുടെ നിസ്വാർഥമായ പ്രവർത്തനവും വലിയ വിജയത്തിന് ഹേതുവായി. യു.ഡി.എഫിന്റെ എല്ലാ ഘടകകക്ഷികളുടേയും ഒറ്റക്കെട്ടായുള്ള പ്രവർത്തനം പ്രചാരണ പരിപാടികൾ കൂടുതൽ ഊർജസ്വലമാക്കി.
ദേശീയ രാഷ്ട്രീയത്തിൽ ഒരു പരിവർത്തനത്തിന്റെ വാതിൽ തുറക്കുകയാണ്. ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും അതിൽ ചർച്ചയാക്കേണ്ട വിഷയവും ജനങ്ങൾക്കറിയാം. അതിനോട് പുലബന്ധമില്ലാത്ത വിഷയങ്ങൾ ആരുന്നയിച്ചാലും പ്രബുദ്ധ ജനത തിരസ്കരിക്കും. പൊന്നാനി രാഷ്ട്രീയ പ്രബുദ്ധത കാണിക്കേണ്ട സമയത്തെല്ലാം കാണിച്ചിട്ടുണ്ട്.
മഹത്തായ വിജയം നൽകിയ ജനങ്ങൾക്ക് തിരിച്ചുനൽകാൻ എന്റെ പ്രവർത്തനങ്ങളിലൂടെ പ്രതിജ്ഞാബദ്ധനാണ്. ഇത്ര വലിയ വിജയം നൽകിയ നാട്ടുകാർക്ക് എന്നെത്തന്നെ സമർപ്പിച്ചു പകരം നൽകും. സഭക്കകത്ത് നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ ഏതുകാലത്തും നിർവഹിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പുരോഗതി കൊണ്ടുവരുന്നതിനും വേണ്ട പ്രവർത്തനങ്ങൾ നടത്തും. മലപ്പുറത്തെ പ്രതിനിധാനംചെയ്ത് രണ്ടു വർഷക്കാലം എം.പി ആയതിന്റെ അനുഭവസമ്പത്ത് കരുത്താവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.