മലപ്പുറം: എൽ.പി സ്കൂൾ അധ്യാപക നിയമനത്തിന് പി.എസ്.സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉടലെടുത്ത അസമത്വവും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട്, ജില്ലയിൽ പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. ആയിരക്കണക്കിന് ഒഴിവുകളുള്ള മലപ്പുറത്ത് 997 പേരുടെ മാത്രം മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരിക്കുക വഴി പി.എസ്.സി വൻ വഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്ന് ഇവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും സമീപിച്ചിട്ടുണ്ട്.
518 ആണ് നിലവിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്ത എൽ.പി.എസ്.ടി ഒഴിവുകൾ. മുൻ ലിസ്റ്റിൽ 188 ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്തപ്പോൾ അഞ്ചിരട്ടിയിലധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി 983 പേരുടെ മുഖ്യപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. റിപ്പോർട്ട് ചെയ്ത ഒഴിവിെൻറ മൂന്നു മുതൽ അഞ്ചിരട്ടി വരെ പേർ പട്ടികയിലുണ്ടാവണമെന്നാണ് മാനദണ്ഡം. മുൻ റാങ്ക് പട്ടികയിൽനിന്ന് നടത്തിയ നിയമന ശിപാർശകളുടെ എണ്ണവും പരിഗണിക്കണം. നിലവിലെ മുഖ്യപട്ടികയിലുള്ളവരിൽ പലരും നിശ്ചിത യോഗ്യതയില്ലാത്തവരും യു.പി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. ഇവർ ഒഴിവാകുന്നതോടെ പട്ടിക വീണ്ടും ചെറുതാവും.
മൂന്ന് വർഷം വരെ കാലാവധി കിട്ടാറുള്ള റാങ്ക് ലിസ്റ്റ് രണ്ട് മാസത്തിനകം തീരാനാണ് സാധ്യതയെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മറ്റു ചില ജില്ലകളിൽ റിപ്പോർട്ട ചെയ്ത ഒഴിവിെൻറ 40 ഇരട്ടി പേരെ വരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 ആയിരുന്നു മലപ്പുറത്തെ കട്ട് ഓഫ് മാർക്ക്. എന്നാൽ, ചില ജില്ലകളിൽ 26.5 മാർക്ക് നേടിയവർ വരെ മുഖ്യപട്ടികയിൽ ഇടംപിടിച്ചു. ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, മന്ത്രിമാർ, പി.എസ്.സി ചെയർമാൻ, അംഗങ്ങൾ, എം.എൽ.എമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ന്യൂനപക്ഷ, മനുഷ്യാവകാശ, യുവജന, പട്ടികജാതി, വനിത കമീഷനുകൾക്കും പരാതി നൽകി. 3000 പേരെയെങ്കിലും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി ജില്ലയിലെ അധ്യാപക ക്ഷാമം പരിഹരിക്കണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ദിവ്യ ജിതേഷ്, ഷബീർ അൻസാരി, എസ്. വളർമതി, രേഖ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.