മലപ്പുറം: സംസ്ഥാന സർക്കാർ സംരംഭക വർഷമായി ആചരിക്കുന്ന 2022 -23 ൽ കേരളത്തിൽ ഏറ്റവും കൂടുതൽ സംരംഭകരുള്ളത് മലപ്പുറത്ത്. 603.29 കോടി രൂപയുടെ നിക്ഷേപമാണ് പുതിയ സംരംഭങ്ങളിലൂടെ ജില്ലയിൽ എത്തിയത്.
പുതുതായി ആയിരക്കണക്കിന് തൊഴിലവസരങ്ങളും ലഭിച്ചു. നവംബർ 11 വരെ 8616 പുതിയ സംരംഭങ്ങളാണ് ജില്ലയിലുണ്ടായിരിക്കുന്നത്.
2022-23 സാമ്പത്തികവർഷം സംരംഭക വർഷമായി ആചരിക്കാനാണ് സർക്കാർ തീരുമാനം. പുതുതായി ഒരു ലക്ഷം സംരംഭങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏഴ് മാസം കൊണ്ട് 79,000 സംരംഭങ്ങളാണ് സംസ്ഥാന വ്യാപകമായി തുടങ്ങിയിരിക്കുന്നത്.
ഇതിൽ ഏറ്റവും കൂടുതൽ തുടങ്ങിയത് മലപ്പുറത്താണ്. അടുത്ത മാർച്ചിനകം ജില്ലയിൽ 18,601 സംരംഭങ്ങൾ ആരംഭിക്കാനാണ് ലക്ഷ്യം.
ഇതുവരെ തുടങ്ങിയ സംരംഭങ്ങളിലൂടെ 603.29 കോടിയുടെ നിക്ഷേപമുണ്ടാകുകയും പുതുതായി 19,930 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
239 സംരംഭകർക്ക് വായ്പയായി 17.5 കോടി രൂപ വായ്പയും നൽകി. വിവിധ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ പഞ്ചായത്തിലും നഗരസഭകളിലും 122 ഇന്റേൺസുകളെ നിയമിച്ചിരുന്നു. ബി.ടെക്, എം.ബി.എ ബിരുദധാരികൾക്കാണ് അവസരം നൽകിയത്. പഞ്ചായത്തുകളിൽ ഒരാൾ വീതവും നഗരസഭകളിൽ രണ്ടിൽ കൂടുതൽ പേരെയുമാണ് നിയമിച്ചത്. തുടക്കത്തിൽ സംരംഭകരെ കണ്ടെത്തുന്നതിനായി ശിൽപശാലകൾ നടത്തി. 135 ശിൽപശാലകൾ നടന്നതിൽ 10,000ത്തിന് മുകളിൽ ആളുകൾ പങ്കെടുത്തു. ഇവർക്കായി പിന്നീട് വായ്പ, ലൈസൻസ്, സബ്സിഡി മേളകളും ഒരുക്കിയിരുന്നു. വായ്പമേളകളിൽ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.