ജില്ലയിൽ അനുദിനം വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം കാരണം പ്രധാന നഗരങ്ങളും റോഡുകളും ഗതാഗതക്കുരുക്കിൽ ഞെരുങ്ങുകയാണ്. ഒച്ച് ഇഴയും വേഗത്തിലാണ് വാഹനങ്ങൾ നഗരത്തിലൂടെ കടന്ന് പോകുന്നത്. അടിക്കടിയുണ്ടാക്കുന്ന ഗതാഗത പരിഷ്കാരങ്ങളും സിഗ്നൽ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ പ്രവർത്തനരഹിതമാകുന്നതും യാത്രക്കാരന് സമയവും പണവും നഷ്ടപ്പെടുത്തുന്നു. റെയിൽപാത കടന്നുപോകുന്ന റോഡുകളിൽ ഗേറ്റ് അടവിനെ തുടർന്ന് ഉണ്ടാകുന്ന ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കുന്നത്. ഇതിനെല്ലാം ശാശ്വത പരിഹാരമെന്ന നിലയിലാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ മേൽപാലങ്ങൾ നിർമിക്കുന്നത്. ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഇടപെടലിനെ തുടർന്ന് ജില്ലയുടെ വിവിധ ഇടങ്ങളിൽ മേൽപാലത്തിനും റെയിൽവേ മേൽപാലങ്ങൾക്കും അനുമതി ലഭിക്കുകയും തുക അനുവദിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ നിർമാണം പൂർത്തിയായെങ്കിൽ മറ്റുള്ളവ ഇപ്പോഴും ആരംഭഘട്ടത്തിലാണ്. സ്ഥലമേറ്റെടുപ്പും അനുബന്ധ പ്രശ്നങ്ങളിൽ തീർപ്പ് വൈകുന്നതുമാണ് ഒട്ടുമിക്ക ഇടങ്ങളിലും തടസ്സം. സമയത്തിന് കേന്ദ്രാനുമതി ലഭിക്കാത്തതും വൈകാൻ ഇടയാക്കുന്നു. ജില്ലയിലെ വിവിധ ഇടങ്ങളിൽ അനുമതി ലഭിച്ചിട്ടും നിർമാണ പ്രവൃത്തി വൈകുന്ന മേൽപാലങ്ങളിലൂടെ...
കോട്ടപ്പടിയിൽ തടസ്സം കേന്ദ്രം
മലപ്പുറം: നഗരത്തിലെ പ്രധാന വികസന പദ്ധതിയായ കോട്ടപ്പടി മേൽപാലത്തിെൻറ നിർമാണവും അനന്തമായി നീളുകയാണ്. കേന്ദ്രത്തിെൻറ നിരാേക്ഷപ പത്രം (എൻ.ഒ.സി) വൈകുന്നതാണ് പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനാണ് എൻ.ഒ.സിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പദ്ധതിക്ക് 2017 ഒക്ടോബർ ഏഴിനാണ് സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയത്. 89.92 കോടിയാണ് പാലം നിർമാണത്തിനായി സർക്കാർ അനുവദിച്ചത്. കോട്ടപ്പടി ടൗണിെൻറ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് മേല്‍പാലം വിഭാവനം ചെയ്തിരിക്കുന്നത്. മലപ്പുറം പൊലീസ് സ്റ്റേഷന് സമീപത്തു തുടങ്ങി കിഴക്കേത്തലയിലെ ചെത്തുപാലം വരെയാണ് മേല്‍പാലം വിഭാവനം ചെയ്തിരുന്നത്.
2017-18 വര്‍ഷത്തെ സംസ്ഥാന ബജറ്റിലായിരുന്നു ആദ്യമായി മലപ്പുറം മേല്‍പാല പ്രഖ്യാപനം. 2019 ജനുവരിയിലെ പരിശോധന പ്രകാരം കോട്ടപ്പടി- തിരൂര്‍ റോഡിലേക്ക് അനുബന്ധ പാലവും കൂട്ടിച്ചേര്‍ത്ത് കെ.എസ്.ആർ.ബി.ഡി.സി കിഫ്ബിക്ക് എസ്റ്റിമേറ്റ് നല്കി. ഇതിെൻറ അടിസ്ഥാനത്തിലാണ് തുക 89.92 കോടിയായി പുതുക്കി അനുവദിച്ചത്. ഒമ്പത് മീറ്റര്‍ വീതിയിലാണ് പാലം നിർമാണം.
ചെറുകരയിലും നീണ്ട കാത്തിരിപ്പ്
പെരിന്തൽമണ്ണ: ചെറുകരയിലും മേൽപാലം കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പാലങ്ങൾ നിർമിക്കുന്നതിെൻറ ഭാഗമായി കേന്ദ്ര സർക്കാറുമായും റെയിൽവേയുമായും ധാരണപത്രം ഒപ്പിടാൻ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷനെ സംസ്ഥാന മന്ത്രിസഭ 2019ൽ ചുമതലപ്പെടുത്തിയിരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമിക്കാനായിരുന്നു ലക്ഷ്യം. അതിനുശേഷവും വിഷയത്തിൽ ചർച്ചകൾ ഉയർന്നുെവങ്കിലും മേൽപാലം ഇപ്പോഴും യാഥാർഥ്യമായില്ല. 2018 ആദ്യം സാധ്യത പഠനവും ശേഷം നവംബറിൽ മണ്ണുപരിശോധനയും നടത്തിയിരുന്നു.
നിലമ്പൂർ- പെരുമ്പിലാവ് പാതയിൽ ചെറുകരയിലെ റെയിൽവേ ക്രോസിങ് വാഹന ഗതാഗതത്തിന് ഏറെ ദുഷ്കരമാണ്. യാത്ര ട്രെയിനുകൾക്ക് വേണ്ടി ക്രോസിങ്ങുകൾ അടച്ചിടേണ്ടിവരുന്നത് 14 തവണയാണ്.
യാത്രാവണ്ടികൾക്ക് പുറമെ എഫ്.സി.ഐയുടെ ചരക്ക് വണ്ടികൾക്കായും അടച്ചിടണം. കോവിഡിൽ ട്രെയിൻ കുറവായതിനാൽ കുരുക്കിനും കുറവുണ്ട്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് വരുന്ന ആംബുലൻസുകൾ റെയിൽവേ ക്രോസിങ്ങിൽ കുടുങ്ങുന്നത് പതിവാണ്.
വരുമോ ആനങ്ങാടി മേൽപാലം
വള്ളിക്കുന്ന്: വരുമോ ആനങ്ങാടിയിലെ റെയിൽവേ മേൽപാലം. തിരക്കേറിയ തിരൂർ-- കോഴിക്കോട് റോഡിൽ ആനങ്ങാടിക്കും അത്താണിക്കലിനും ഇടയിലാണ് റെയിൽവേ ഗേറ്റ് ഉള്ളത്. പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ട്. സംസ്ഥാന സർക്കാർ നിരവധി തവണ ബജറ്റിൽ തുക വകയിരുത്തിരുന്നു. എന്നാൽ, റെയിൽവേ നടത്തിയ പഠനത്തിൽ ഇതുവഴി കടന്നുപോവുന്ന വാഹനങ്ങളുടെ എണ്ണം വളരെ കുറവാണെന്നാണ് കണ്ടെത്തിയത്. അതേസമയം, പാലം നിർമിക്കാൻ നടപടി ആവശ്യപ്പെട്ട് അടുത്തിടെയും റെയിൽവേ ഡിവിഷനൽ മാനേജർക്ക് എം.എൽ.എ കത്ത് നൽകിയിട്ടുണ്ട്. ട്രെയിനുകൾ കടന്ന് പോവാൻ ഗേറ്റ് അടക്കുന്ന വേളകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ.
പ്രഖ്യാപനത്തിലൊതുങ്ങി എയർപോർട്ട് ജങ്ഷൻ
കൊണ്ടോട്ടി: മുൻ സർക്കാറിെൻറ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചതാണ് പാലക്കാട്- േകാഴിക്കോട് ദേശീയപാതയിലെ എയർപോർട്ട് ജങ്ഷനിെല മേൽപാലം. ദേശീയപാതയിൽനിന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടം കൂടിയായതിനാൽ തിരക്ക് കുറക്കാൻ വേണ്ടിയായിരുന്നു മേൽപാലം പ്രഖ്യാപിച്ചത്. മുൻ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ ദേശീയപാത വിഭാഗത്തിൽനിന്ന് ലഭിച്ച തുകയിൽനിന്ന് 20 കോടിയായിരുന്നു മേൽപാലത്തിനായി അനുവദിച്ചെതന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
പ്രാഥമിക നടപടികൾക്ക് അപ്പുറത്തേക്ക് മറ്റൊന്നും ഇൗ വിഷയത്തിൽ മുന്നോട്ട് പോയില്ല. ദേശീയപാതയിൽ കൊളത്തൂർ വിമാനത്താവള ജങ്ഷനിൽ ബജറ്റിൽ പരാമർശിക്കപ്പെട്ട ഫ്ലൈഓവർ തുടർ നടപടി ഇതോടെ ബജറ്റ് പരാമർശത്തിൽ തന്നെ ഒതുങ്ങി. ചുരുക്കത്തിൽ ഒരു സ്വപ്ന പദ്ധതിയായി ഫ്ലൈഓവർ പദ്ധതി കൊണ്ടോട്ടിക്കാരുടെ മനസ്സിൽ നിലനിൽക്കുകയാണ്.
കാലങ്ങൾക്കൊടുവിൽ ചെട്ടിപ്പടിയിലും പാലം വരുന്നു
പരപ്പനങ്ങാടി: കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശത്തോട് ഒട്ടിനിൽക്കുന്ന പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ഏക റെയിൽവേ േഗറ്റ് തടസ്സത്തിനും പരിഹാരമാകുമെന്ന് പ്രതീക്ഷ. ചെട്ടിപ്പടി റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നതോടെ യാത്രക്കുരുക്കിന് അവസാനമാകുമെന്നാണ് പ്രതീക്ഷ. ഇവിടെ മേൽപാലം നിർമാണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി നിരവധി ഇടപെടലുകളും നടന്നു. ഒടുവിൽ 2013ൽ അന്നത്തെ യു.ഡി.എഫ് സർക്കാറാണ് മേൽപാല നിർമാണത്തിനായി സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയത്. എന്നിട്ടും പദ്ധതി അനന്തമായി നീണ്ടു. ഒടുവിൽ ഇൗ വർഷം ജനുവരി 24നാണ് മേൽപാലത്തിെൻറ പ്രവൃത്തി ഉദ്ഘാടനം നടക്കുന്നത്. ഇതിനായി കിഫ്ബിയിൽനിന്ന് 32 കോടി രൂപയാണ് അനുവദിച്ചത്. ഇനി നിർമാണം പൂർത്തിയാകാനുള്ള കാത്തിരിപ്പാണ്.
എന്ന് തീരും തിരൂരിലെ പാലങ്ങളുടെ പണി?
തിരൂർ: മൂന്നു വർഷത്തിലധികമായി നോക്കുകുത്തിയായി മാറിയ തിരൂരിലെ പാലങ്ങളുടെ പണി എന്ന് തീരുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. കോടികൾ ചെലവഴിച്ചിട്ടും അപ്രോച്ച് റോഡ് പണി പൂര്‍ത്തിയാവാത്തതാണ് താഴെപ്പാലം, സിറ്റി ജങ്ഷന് പാലങ്ങൾ നോക്കുകുത്തിയായി മാറാനിടയാക്കിയത്. മികച്ച പദ്ധതികളിലൊന്നായ പൊലീസ് ലൈന്‍- -പൊന്മുണ്ടം ബൈപാസ് റോഡിലെ മുത്തൂര്‍ പാലവും എവിടെയുമെത്താതെ നില്‍ക്കുകയയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരം മാത്രമല്ല, വന്‍ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാമെന്ന ആശങ്കയും മുന്‍കൂട്ടി കണ്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് തിരൂര്‍ താഴെപാലത്ത് പുതിയ പാലവും സിറ്റി ജങ്ഷനില്‍ റെയിൽവേ മേല്പാലത്തിെൻറയും പണികള്‍ ആരംഭിച്ചത്. ഈ രണ്ട് പാലത്തിെൻറയും പണി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പൂര്‍ത്തിയാക്കാനും അധികൃതര്‍ക്ക് കഴിഞ്ഞു. എന്നാല്‍, രണ്ട് പാലങ്ങള്‍ക്കും വേണ്ട അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പണി പൂർത്തീകരിക്കാനാവശ്യമായ തുകയുമാണ് പിന്നീട് പദ്ധതികള്‍ക്ക് വിനയായത്.
ജില്ലയിൽ ആദ്യം ഉയരുക പട്ടിക്കാട് മേൽപാലം
പട്ടിക്കാട്: നിലമ്പൂർ- െഷാർണൂർ റെയിൽപാളത്തിന് കുറുകെ പട്ടിക്കാട് റെയിൽവേ ഗേറ്റിൽ മേൽപാലം നിർമിക്കാൻ സ്ഥമേറ്റെടുക്കൽ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതിയായി. ഇതോടെ, കാലങ്ങളായുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. സ്ഥലം ഏറ്റെടുക്കാൻ കലക്ടർ സ്പെഷൽ തഹസിൽദാറെ നിയമിച്ചു. കെ. റെയിൽ അധികൃതരും സ്പെഷൽ തഹസിൽദാറുമടങ്ങുന്ന റവന്യൂ സംഘം കഴിഞ്ഞ ഡിസംബറിൽ സ്ഥലം പരിശോധന നടത്തിയിരുന്നു. സാമൂഹികാഘാത പഠനം സംസ്ഥാന സർക്കാർ അംഗീകരിച്ചാലുടൻ ടെൻഡർ നടപടികൾ തുടങ്ങും. തുടർന്ന്, സ്ഥലം ഏറ്റെടുത്ത് മേൽപാലം നിർമാണം ആരംഭിക്കും. കേരളത്തിൽ ആദ്യഘട്ടം നിർമിക്കുന്ന അഞ്ച് റെയിൽവേ മേൽപാലങ്ങളിൽ പട്ടിക്കാടും ഉൾപ്പെട്ടിട്ടുണ്ട്. റെയിൽവേ ബോർഡ് അംഗീകാരം നൽകിയതോടെ ജില്ലയിൽ ആദ്യം നിർമാണം പൂർത്തിയാകുന്നത് പട്ടിക്കാട് മേൽപാലമാകുമെന്ന് കെ. റെയിൽ അധികൃതർ അറിയിച്ചു. നിർമാണത്തിന് 50 ശതമാനം വീതം തുക സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറുമാണ് വഹിക്കുക.
വാണിയമ്പലത്തും വേണം മേൽപാലം
വണ്ടൂർ: ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന വാണിയമ്പലത്ത് റെയിൽവേ മേൽപാലം വേണമെന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യങ്ങളുന്നയിച്ച് പ്രാദേശികമായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഇതിനിടക്ക് വെള്ളാമ്പുറത്തുള്ള റെയിൽവേ ഗേറ്റ് അടച്ചു പൂട്ടുകയാണുണ്ടായത്. പകരം അണ്ടർ പാസ് യാഥാർഥ്യമായത് ആശ്വാസമാണെങ്കിലും വലിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോവാനാവില്ല. നിലവിൽ കോവിഡ് കാരണം നിലച്ച െട്രയിൻ സർവിസ് പുനരാരംഭിക്കുന്നതോടെ വാണിയമ്പലത്ത് വീണ്ടും ഗതാഗതക്കുരുക്ക് പതിവാകും. ഇതിന് പരിഹാരമായി മേൽപാലമെന്ന റെയിൽവേയുടെ ഒരു ഉത്തരവ് ഇറങ്ങിയതല്ലാതെ ഇതുമായി ബന്ധപ്പെട്ട ഒരു നീക്കവും ഇതുവരെ നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.