മലപ്പുറം: കെ.എസ്.ആർ.ടി.സി മലപ്പുറം ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനുള്ള സാങ്കേതിക തടസ്സം നീങ്ങുന്നു. ത്രികക്ഷി കരാറിൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിങ് എൻജിനീയറും കരാറുകാരും ഒപ്പുവെച്ചു.
കെ.എസ്.ആർ.ടി.സി എം.ഡി വ്യാഴാഴ്ച കരാറിൽ ഒപ്പിടുമെന്ന് അറിയിച്ചതായി പി. ഉബൈദുല്ല എം.എൽ.എ വ്യക്തമാക്കി. എം.എൽ.എ ഫണ്ടിലുള്ള രണ്ട് കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കാനുള്ളത്.
നേരത്തെ, ഈ പ്രവൃത്തി ടെൻഡർ ചെയ്ത് കരാറുകാരനുമായി എഗ്രിമെന്റ് വെച്ചിരുന്നെങ്കിലും സിവിൽ വിങ്ങിന്റെ പ്രവർത്തനം കോർപറേഷൻ പെടുന്നനെ അവസാനിപ്പിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കെ.എസ്.ആർ.ടി.സി സിവിൽ വിങ്ങിനു കീഴിലുള്ള പ്രവൃത്തിയുടെ സൂപ്പർവിഷൻ ചുമതല പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗത്തിന് കൈമാറാൻ മന്ത്രിതലത്തിൽ ധാരണയായെങ്കിലും സാങ്കേതിക നടപടിക്രമം പൂർത്തിയാക്കാൻ കാലതാമസമെടുത്തു. ജില്ല കലക്ടർ ഭരണാനുമതി പുതുക്കി നൽകിയശേഷമാണ് ത്രികക്ഷി കരാറിലേക്ക് കടന്നിരിക്കുന്നത്.
കെ.എസ്.ആർ.ടി.സിയുടെ ചീഫ് ഓഫിസിൽനിന്നുള്ള അറിയിപ്പ് കിട്ടിയാലുടൻ പ്രവൃത്തിക്കായി ടെർമിനൽ കെട്ടിടവും യാർഡും പി.ഡബ്ല്യു.ഡിക്ക് കൈമാറും. ആറുമാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം മഞ്ചേരി എക്സിക്യുട്ടിവ് എൻജിനിയർക്കാണ് പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല. പ്രവൃത്തിക്കായി ബസ് സ്റ്റാൻഡ് താൽകാലികമായി അവിടെനിന്ന് മാറ്റേണ്ടിവരും.
കോഴിക്കോട് റോഡിന് അഭിമുഖമായുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഗ്രൗണ്ട്േഫ്ലാറിനോട് ചേർന്ന് സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനാണ് ആലോചന. ആവശ്യമെങ്കിൽ, രാത്രി ബസുകൾ പാർക്ക് ചെയ്യാൻ മുനിസിപ്പൽ സ്റ്റാൻഡിൽ സൗകര്യമൊരുക്കുമെന്ന് എം.എൽ.എ
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.