മലപ്പുറം: പദ്ധതികൾക്ക് ഇ-ടെൻഡർ ക്ഷണിക്കാതെ ക്വട്ടേഷനെടുത്ത് നഗരസഭ അധ്യക്ഷൻ മുൻകൂർ പണവും അനുമതിയും നൽകിയതിൽ എതിർപ്പുമായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം. സർക്കാർ നിർദേശിച്ച ഏജൻസികളിൽനിന്ന് മത്സരസ്വഭാവത്തോടെയുള്ള ഇ-ടെൻഡർ വിളിക്കാതെ സ്വന്തം താൽപര്യപ്രകാരം ക്വട്ടേഷൻ ക്ഷണിച്ചതായി ഇവർ ആരോപിച്ചു. പ്രതിപക്ഷ വിയോജിപ്പിനെ തുടർന്ന് രണ്ട് അജൻഡകൾ വോട്ടിനിട്ടാണു പാസാക്കിയത്. നഗരസഭ നിർമിക്കുന്ന ഷെൽറ്റർ ഹോം ഇൻറീരിയർ പ്രവൃത്തി (46 ലക്ഷം രൂപ), ഷെൽറ്റർ ഹോമിൽ കുട്ടികൾക്ക് ഇടം ഒരുക്കൽ (24 ലക്ഷം) പദ്ധതികളുടെ നടത്തിപ്പിനു ഇ-ടെൻഡർ ക്ഷണിക്കാതെ മുൻകൂർ അനുമതി നൽകിയിരുന്നു. സർക്കാർ മാനദണ്ഡത്തിനു വിരുദ്ധമായ നടപടിയാണ് നഗരസഭയുടേതെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാറിന്റെ നഗരസഞ്ചയം പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന പാണക്കാട്- ചിറക്കൽ തോട് പുനരുജീവനം (രണ്ട് കോടി രൂപ), ആലത്തൂർപടി - ഇരിയിൽ - കുടുക്കിൽ ഡ്രെയിനേജ്, പള്ളിയാളി കാടേരിമുക്ക് കൈത്തോട് നവീകരണം (അഞ്ച് കോടി), മലപ്പുറം വലിയതോട് നവീകരണം (അഞ്ച് കോടി), കാളന്തട്ട ശുദ്ധജല പദ്ധതി പ്രദേശം സംരക്ഷണ പ്രവർത്തനങ്ങൾ (ഒരു കോടി), കടലുണ്ടിപ്പുഴ നാമ്പ്രാണി നവീകരണം (രണ്ടു കോടി) എന്നിവക്ക് ഇ-ടെൻഡർ ക്ഷണിക്കാതെ ക്വട്ടേഷൻ മാത്രമായി നൽകാനുള്ള നീക്കം നടന്നതായും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ടെൻഡർ ക്ഷണിച്ചും മാർഗനിർദേശം പാലിച്ചുമാണ് പ്രവൃത്തികൾ നടപ്പാക്കുന്നതെന്നായിരുന്നു ഭരണസമിതിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.