മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി വികസനത്തിന് വേട്ടേക്കോടുള്ള 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
വേട്ടേക്കോടുള്ള ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് യു.എ. ലത്തീഫ് എം.എല്‍.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി എം.എല്‍.എയും ഭരണ-പ്രതിപക്ഷകക്ഷികളും ഉള്‍പ്പെടുന്ന സമിതി വേട്ടേക്കോടുള്ള ഭൂമി കണ്ടെത്തിയിരുന്നതായും 25 ഏക്കര്‍ ഭൂമി സൗജന്യമായും അത്രയും ഭൂമി ന്യായവിലയ്ക്കും നല്‍കാമെന്ന് ഉടമകള്‍ സമ്മതിച്ചിരുന്നതായും എം.എല്‍.എ അറിയിച്ചു.
ഈ 50 ഏക്കര്‍ ഏറ്റെടുത്ത് ജനറല്‍ ആശുപത്രി മഞ്ചേരിയില്‍ നിലനിര്‍ത്തി മെഡിക്കല്‍ കോളജ് അങ്ങോട്ടേക്ക് മാറ്റണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. എന്നാല്‍, ആശുപത്രിയോടു ചേര്‍ന്നുള്ള അഞ്ചേക്കര്‍ ഭൂമി അടിയന്തരമായി ഏറ്റെടുക്കാനുള്ള നടപടികള്‍ മൂന്നോട്ടുപോകുകയാണെന്ന് മന്ത്രി മറുപടി നൽകി.
ചെങ്ങണ ബൈപാസിലേക്ക് അനുബന്ധ റോഡ് നിര്‍മിക്കുന്നതിനും കെ.എസ്.ഇ.ബി സബ് സ്റ്റേഷന് നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ഭൂമി ഉപയോഗപ്പെടുത്തും.
കൂടാതെ അത്യാഹിത വിഭാഗം നവീകരണം, ലേബർ റൂം നവീകരണം, എം.ആർ.ഐ സ്കാനിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇന്റർവെൻഷനൽ റേഡിയോളജി ബ്ലോക്ക് നിർമാണം, റസിഡന്റ്സ് ക്വാർട്ടേഴ്സ് നിർമാണം തുടങ്ങി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
മെഡിക്കല്‍ കോളജിനെ പൂര്‍ണമായും മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിന് കൂടുതല്‍ ധനവിനിയോഗം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള ഭൂമി ഉപയോഗപ്പെടുത്തി കൂടുതല്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.