മഞ്ചേരി: കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ കെ.എസ്.ആർ.ടി.സിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് കേന്ദ്രം 17ന് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓഫിസിലേക്കുള്ള കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമഗ്രികൾ കഴിഞ്ഞ ദിവസം എത്തിച്ചു. പെയിന്റിങ് ജോലികളും പൂർത്തിയായി. ഇതിനോടൊപ്പം നേരത്തേ അടച്ചുപൂട്ടിയ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തനം ആരംഭിക്കും. ഇത് യാത്രക്കാർക്കും ഗുണകരമാകും. ജില്ലയിൽ നിലമ്പൂർ, മലപ്പുറം, തിരൂർ, പെരിന്തൽമണ്ണ ഡിപ്പോകളിൽ നിലവിൽ കൊറിയർ സർവിസുണ്ട്.
ജില്ലയിലെ അഞ്ചാമത്തെ കേന്ദ്രമാണ് മഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി മഞ്ചേരിയിലും കൊറിയർ സർവിസ് ആരംഭിക്കുന്നത്. സാധാരണ സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനേക്കാൾ 30 ശതമാനം വരെ കുറവിലാണ് കെ.എസ്.ആർ.ടി.സി പാഴ്സൽ എത്തിക്കുക. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ കൊറിയർ കൗണ്ടർ പ്രവർത്തിക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ/പാഴ്സൽ കൈമാറാം.
പാഴ്സൽ ട്രാക്കിങ് സംവിധാനവുമുണ്ട്. ബസുകളിലാണ് ഉരുപ്പടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. നിലവിൽ, കൊറിയർ കേന്ദ്രത്തിൽ നിന്നുമാത്രമേ ഡെലിവറിയുള്ളൂ. രണ്ടാംഘട്ടത്തിൽ ഡോർ ടു ഡോർ സേവനം ആരംഭിക്കാൻ പദ്ധതിയുണ്ട്. മഞ്ചേരിയിലൂടെ നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകുന്നുണ്ട്. എന്നാൽ, പല ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാതെയാണ് കടന്നുപോകാറ്. സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തനം ആരംഭിക്കുന്നതോടെ കെ.എസ്.ആർ.ടിസിയുടെ എല്ലാ സർവിസുകളും ഐ.ജി.ബി.ടി സ്റ്റാൻഡിൽ പ്രവേശിക്കും. നേരത്തേ ബസ് സ്റ്റാൻഡിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് പ്രവർത്തിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2017 സെപ്റ്റംബർ മൂന്നിന് അടച്ചുപൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.