മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ ദിവസ വേതനം വർധിപ്പിക്കാൻ തീരുമാനം. വ്യാഴാഴ്ച മലപ്പുറത്ത് ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ദിവസം 100 രൂപ വരെ വർധിപ്പിക്കും. 500ലധികം താൽക്കാലിക ജീവനക്കാരാണ് വിവിധ വിഭാഗങ്ങളിലായി ആശുപത്രിയിൽ ജോലി ചെയ്യുന്നത്. വേതനം വർധിപ്പിക്കണമെന്നത് ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. 2017 മുതൽ വർധന ഉണ്ടായിട്ടില്ല. നഴ്സിങ് അസിസ്റ്റന്റ്, ക്ലാർക്ക്, സുരക്ഷാ ജീവനക്കാർ, ലാബ് അസിസ്റ്റന്റ്, ഫാർമസി, ഡാറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി ഒട്ടേറെ വിഭാഗം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. മെഡിക്കൽ കോളജ് വികസനത്തിനു സൗജന്യമായി സ്ഥലം കിട്ടാനുണ്ടെങ്കിൽ അതു സംബന്ധിച്ച സാധ്യത പഠനം നടത്തി കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. സൗജന്യമായും സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കും സ്ഥലം ലഭ്യമാകാനുണ്ടെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നതിനാലാണ് തീരുമാനം.
സ്ഥലത്തിന്റെ സർവേ നമ്പർ, ഉടമസ്ഥർ, ലൊക്കേഷൻ തുടങ്ങിയവ സംബന്ധിച്ച വിവരം അടുത്ത യോഗത്തിൽ അറിയിക്കുന്ന പക്ഷം അക്കാര്യം സർക്കാരിനു സമർപ്പിക്കും. 25 ഏക്കർ സൗജന്യമായും 25 ഏക്കർ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കും ലഭിക്കാനുണ്ടെന്ന് മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ആശുപത്രി വിശാലമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
കോളജിൽ നിർമാണം നടക്കുന്ന മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യു.എ. ലത്തീഫ് എം.എൽ.എ, കലക്ടർ വി.ആർ. പ്രേംകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. സജിത്, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.