മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഡി.എച്ച്.എസിനു കീഴിൽ ജോലി ചെയ്യുന്ന 12 ഡോക്ടർമാരെ വിവിധ താലൂക്ക് ആശുപത്രികളിലേക്ക് സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സമര പരമ്പര വൈകുന്നേരം വരെ നീണ്ടു. വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഡോക്ടർമാരുടെ സംഘടനകളും പങ്കാളികളായി.
കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ പണിമുടക്കോടെയായിരുന്നു സമരത്തിന്റെ തുടക്കം. പിന്നീട് രാവിലെ 10.30ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധവുമായി എത്തി സൂപ്രണ്ടിനെ കണ്ടു. വൈകീട്ട് ചെയർപേഴ്സൻ വി.എം. സുബൈദയുടെ നേതൃത്വത്തിൽ യു.ഡി.എഫ് കൗൺസിലർമാരും സൂപ്രണ്ടിനെ ഉപരോധിച്ചു.
സഹപ്രവർത്തകരെ കൊണ്ടോട്ടി, മലപ്പുറം, അരീക്കോട്, താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയ നടപടിക്കെതിരെ കൂട്ട അവധിയെടുത്താണ് ഡോക്ടർമാർ പ്രതിഷേധിച്ചത്. ഒ.പി, ഓപ്പറേഷൻ തിയറ്റർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.ജി.എം.ഒ.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ. ജയനാരായണൻ, ജില്ല സെക്രട്ടറി ഡോ. ആസിം അഹ്ദിർ, കൺവീനർ ഡോ. പി. ഷഫീദ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധി ഡോ. രാജേഷ്, ഹൗസ് സർജൻസ് പ്രതിനിധി ഡോ. അഭിഷേക് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ ആശുപത്രി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) പ്രസിഡന്റ് ഡോ. കെ.കെ. ഉഷ, ജനറൽ സെക്രട്ടറി ഡോ. സി.എം. സുജിന എന്നിവർ ആവശ്യപ്പെട്ടു.
ഡോക്ടർമാരെ സ്ഥലംമാറ്റിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് മഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സൂപ്രണ്ടിന് നിവേദനം നൽകി. സമരവുമായി എത്തിയ കോൺഗ്രസ് നേതാക്കൾ മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് രേഖാ മൂലം സൂപ്രണ്ടിനെ അറിയിച്ചു.
മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടർമാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ബുധനാഴ്ച മെഡിക്കൽ കോളജിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെയർമാർ റഷീദ് പറമ്പൻ, ഭാരവാഹികളായ കെ.കെ.ബി. മുഹമ്മദലി, വി.പി. ഫിറോസ്, ഹുസൈൻ വല്ലാഞ്ചിറ, സക്കീർ വല്ലാഞ്ചിറ എന്നിവർ പങ്കെടുത്തു.
യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാലിനെ ഉപരോധിച്ചു. ഓഫിസിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച കൗൺസിലർമാർ ആശുപത്രിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജിലെ 12 ഡോക്ടർമാരെ മറ്റു താലൂക്ക് ആശുപത്രികളിലേക്ക് പുനർവിന്യസിച്ച നടപടിക്കെതിരെ കൗൺസിൽ യോഗത്തിൽ പ്രമേയം. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി. അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. കൗൺസിലർ അഡ്വ. ബീനാ ജോസഫ് പിന്താങ്ങി. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.