മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസ് തകരാറിലായിട്ട് മൂന്ന് മാസം. രോഗിയുമായി പോകുമ്പോൾ അപകടത്തിൽപ്പെട്ടതോടെയാണ് വാഹനം കേടുവന്നത്. ആദിവാസികൾ, ഗർഭിണികൾ, കുട്ടികൾ, അനാഥർ തുടങ്ങിയവർക്ക് മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുമ്പോൾ സൗജന്യ സേവനം ലഭിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ മെഡിക്കൽ ക്യാമ്പുകൾക്കായി സഞ്ചരിച്ചിരുന്നതും ഈ വാഹനത്തിലായിരുന്നു. ഇതിന്റെ സേവനം മുടങ്ങിയതോടെ വലിയ പ്രയാസമാണ് നേരിടുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 10ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടു പോകുമ്പോൾ കുറ്റിക്കാട്ടൂരിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. നന്നാക്കാൻ വാഹനം മഞ്ചേരി തുറക്കലിലെ വർക്ക് ഷോപ്പിലെത്തിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് നന്നാക്കാൻ സർക്കാർ വ്യവസ്ഥകൾ അനുസരിച്ചുള്ള കടലാസ് ജോലികൾ വൈകുകയാണ്.
സർക്കാർ നടപടി പൂർത്തിയാകാത്തതിനാൽ വർക് ഷോപ്പിന് പുറത്ത് മഴയും വെയിലുമേൽക്കുകയാണ് വാഹനം. നിലവിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഐ.സി.യു ആംബുലൻസും മിനി വാനുമാണ് ആശുപത്രിയിലുള്ളത്. ആംബുലൻസിന്റെ കേടുപാടുകൾ തീർക്കാൻ കടലാസുജോലികൾ പൂർത്തിയായെന്നും അടുത്തുതന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.