മഞ്ചേരി: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷന് കീഴിൽ അപേക്ഷിച്ച വിദ്യാഭ്യാസ വായ്പകളൊന്നും യഥാസമയം ലഭിക്കുന്നില്ലന്ന് ആക്ഷേപം. ജീവനക്കാരുടെ കുറവും സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷകർക്ക് വെല്ലുവിളിയാകുന്നത്. ഇതോടെ വിദ്യാഭ്യാസ വായ്പക്കായ് അപേക്ഷിച്ച കുട്ടികൾ മറ്റു ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മാസങ്ങളായി കോർപറേഷൻ പുതിയ വായ്പകളൊന്നും പാസാക്കുന്നില്ല.
നേരത്തെ നടപടികൾ പൂർത്തിയായ അപേക്ഷകർക്കും പണം ലഭിച്ചിട്ടില്ല. ഇത്തരത്തിൽ നൂറുകണക്കിന് അപേക്ഷകളാണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. വായ്പക്ക് പലിശ കുറവായതുകൊണ്ടാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ കോർപ്പറേഷനെ ആശ്രയിക്കുന്നത്. വിദ്യാഭ്യാസ വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിൽ വിദേശ സർവകലാശാലകളിൽ പഠനത്തിന് പോയ വിദ്യാർഥികൾ ഫീസ് അടക്കാൻ പ്രയാസം നേരിടുകയാണ്.
മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈനർ, പാഴ്സി തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്ക് വിവിധ പദ്ധതികളാണ് ന്യൂനപക്ഷ വകുപ്പ് ആവിഷ്കരിച്ചിരുന്നത്. ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, വിവാഹ സഹായം, പ്രവാസി വായ്പ, സ്വയം തൊഴിൽ എന്നിവക്കെല്ലാം വായ്പ നൽകാൻ പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ സർക്കാറുകളുടെ സഹായം ലഭ്യമാകാത്തതിനാൽ പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രഫണ്ടും സംസ്ഥാന വിഹിതവും ലഭ്യമായെങ്കിൽ മാത്രമേ വായ്പകൾ നൽകാനാകൂ. കോഴിക്കോടാണ് ആസ്ഥാനം. ഇവിടെയും മേഖല ഓഫിസുകളിലും നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.