മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സ മുടങ്ങിയത് രോഗികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നഗരസഭ കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി പ്രമേയം അവതരിപ്പിച്ചു. കൗൺസിലർ മരുന്നൻ മുഹമ്മദ് പിന്താങ്ങി. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്ന ഏജൻസിക്ക് സർക്കാർ നാല് കോടിയോളം രൂപ കുടിശ്ശിക വരുത്തിയതാണ് ദിവസേന മുവായിരത്തോളം വരുന്ന രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ ചികിത്സ മുടങ്ങാൻ കാരണം.
ഓരോ മാസവും 80ലധികം ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയകൾ ആശുപത്രിയിൽ നടക്കുന്നുണ്ട്. സാധാരണക്കാരായ രോഗികളെ സംബന്ധിച്ച് ഇതുവലിയ ആശ്വാസമാണ്. ഏജൻസികൾക്ക് നൽകുന്നതിനായി കഴിഞ്ഞ ദിവസം സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. എങ്കിലും ഇനിയും ഇതുപോലുള്ള പ്രയാസങ്ങൾ ഒഴിവാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
മഞ്ചേരി ജസീല ജങ്ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ തകർന്ന് കിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ.ബീന ജോസഫ് അവതാരകയും എൻ.കെ. ഉമ്മർ ഹാജി അനുവാദകനുമായ പ്രമേയമാണ് അവതരിപ്പിച്ചത്. റോഡ് തകർച്ച കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നേരത്തെ പ്രഖ്യാപിച്ച പട്ടർകുളം -മരത്താണി റിങ് റോഡിനായി ഭൂമി ഏറ്റെടുത്ത് അടിയന്തരമായി റോഡ് നിർമിക്കണമെന്നനും ആവശ്യപ്പെട്ടു.
ചെയർപേഴ്സൻ വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, ടി.എം. നാസർ, സി.പി. അബ്ദുൽകരീം, എ.വി. സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.