മഞ്ചേരി: വീമ്പൂർ മുട്ടിപ്പടിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10നായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസും മഞ്ചേരിയിലേക്ക് വരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. നിഖിൽ, വാഴയൂർ സ്വദേശി സരസ്വതി (54), മുസ്ലിയാരങ്ങാടി സ്വദേശി ഫിറോസ് (35), മൊറയൂർ സ്വദേശി ഫസ് ല ഷെറിൻ (15), വെള്ളില സ്വദേശി പ്രമോദ് (42), കൊണ്ടോട്ടി സ്വദേശി അനിത (40), മഞ്ചേരി സ്വദേശി അനിത (42), കോഴിക്കോട് സ്വദേശി രമേഷ് (58), കോഴിക്കോട് സ്വദേശി നിയാസ് (21), പുളമണ്ണ സ്വദേശി അമാനുള്ള (42) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. മുട്ടിപ്പടിയിലേക്കുള്ള ഇറക്കത്തിൽ അമിതവേഗതയിൽ ബസുകൾ എത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ബസുകളുടെ ചില്ലുകൾ തകർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കൂട്ടിയിടിച്ചശേഷവും ബസുകൾ മുന്നോട്ടുനീങ്ങി. മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന ബസ് സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്. കോഴിക്കോടുനിന്ന് വരുന്ന ബസ് പഴയ കലുങ്കിൽ ടയർ കുരുങ്ങിനിന്നു. കോഴിക്കോട് റോഡിൽ സ്വകാര്യബസുകളുടെ മത്സരയോട്ടം പതിവാണ്. പലപ്പോഴും വീമ്പൂരിലെ സ്കൂളിലേക്കെത്തുന്ന വിദ്യാർഥികൾക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കണമെന്നും വേഗത നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.