മഞ്ചേരി: വയോധികനെ മർദിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു. എടക്കര മണക്കാട് മുസ്ലിയാരകത്ത് മൂസയെ (42) ആണ് മഞ്ചേരി രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി. ടെല്ലസ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. കുണ്ടൂര്‍ വെളിമിറ്റം കൊടീരി ബാവക്കുത്ത് മമ്മദീസയുടെ മകന് ഹൈദ്രുവാണ് (62) കൊല്ലപ്പെട്ടത്.
2005 ജൂലൈ 18ന് ഏറമ്പാടം ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപം ഹൈദ്രുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടക്കര എസ്.ഐ പി.സി. ബിജുകുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏറെക്കാലം അന്വേഷണം വഴിമുട്ടി നില്‍ക്കുകയായിരുന്നു.
പൊലീസിന് പ്രതിയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് ഹൈദ്രുവിന്റെ ഭാര്യ ആയിഷ ഹൈകോടതിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും പരാതി നല്കി. ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം കേസ് മലപ്പുറം ക്രൈംബ്രാഞ്ചിന് കൈമാറി.
2020 നവംബര്‍ 11ന് പ്രതിയെ ക്രൈം ബ്രാഞ്ച് എസ്.പി വിക്രമൻ അറസ്റ്റ് ചെയ്തു. കാലികളെ വിറ്റ വകയില്‍ ലഭിച്ച 5000 രൂപ ഹൈദ്രു ബെല്‍റ്റില്‍ സൂക്ഷിച്ചിരുന്നു. ഇത് കവരാൻ പ്രതി വടി, കല്ല് എന്നിവ ഉപയോഗിച്ച് മർദിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കാലിമേക്കാന് സ്ഥിരമായി കൂടെ പോകുന്ന കുഞ്ഞിമുഹമ്മദാണ് മൃതദേഹം ആദ്യമായി കാണുന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന് അവലംബിച്ചത്. പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയ പ്രതി നുണ പറഞ്ഞുവെന്ന് തെളിഞ്ഞെങ്കിലും ഇതുമാത്രം ശിക്ഷിക്കാന്‍ മതിയായ തെളിവല്ലെന്ന് കോടതി കണ്ടെത്തി.
ക്രൈംബ്രാഞ്ച് എസ്.പി വിക്രമൻ, ഡിവൈ.എസ്.പിമാരായ ജസ്റ്റിൻ എബ്രഹാം, ബിജു കെ. സ്റ്റീഫൻ, വർഗീസ് തോമസ്, പി. വേണുഗോപാൽ, കെ.എ. പൊന്നൂസ്, എ.ഡി.എം മെഹ്റലി, പോളിഗ്രാഫ് ടെസ്റ്റ് നടത്തിയ ലക്ഷ്മി എന്നിവരുൾപ്പെടെ 46 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കി. പ്രതിക്ക് വേണ്ടി അഡ്വ. എം.പി. അബ്ദുല്‍ ലത്തീഫ് ഹാജരായി. ഹൈകോടതിയുടെ നിർദേശ പ്രകാരം ഒരു വർഷം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.