മഞ്ചേരി: മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈകോടതിയില്‍ പരാതി നല്കി. ആലുവ സ്വദേശിയായ 53കാരനാണ് ഡി.ജി.പി, ജില്ല പൊലീസ് മേധാവി, മഞ്ചേരി പൊലീസ് എന്നിവര്‍ക്കെതിരെ റിട്ട് ഹരജി നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ വെവ്വേറെയാണ് ജീവിക്കുന്നത്. കുട്ടി അധ്യാപികയായ മാതാവിന്റെ കസ്റ്റഡിയിലായിരുന്ന സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി. മാതാവിന്റെ സുഹൃത്തായ പ്രതി മാനഹാനി വരുത്തിയെന്ന് കുട്ടി മലപ്പുറം കുടുംബകോടതി കൗണ്‍സിലര്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ജഡ്ജിയുടെ നിര്‍ദേശപ്രകാരം 2021 ഒക്ടോബര്‍ എട്ടിന് കേസെടുത്ത മഞ്ചേരി പൊലീസ് പക്ഷേ, 2022 മേയ് എട്ടിന് പരാതി വ്യാജമാണെന്ന് കാണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മാതാവിനൊപ്പം കഴിയുന്ന കുട്ടിയെ മാസത്തില്‍ രണ്ട് തവണ പിതാവിനെ കാണിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, മാതാവ് ഇതിന് തയാറാകാത്തതിനാല്‍ പിതാവ് ജൂണ്‍ ഏഴിന് ഹൈകോടതിയെ സമീപിച്ചു. തൊട്ടടുത്ത ദിവസം തന്നെ സ്കൂളിലെത്തി കുട്ടിയുടെ മൊഴിയെടുക്കാന്‍ കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്കി. ജൂണ്‍ 10നും 11നും കമ്മിറ്റി അധികൃതര്‍ സ്കൂളിലെത്തി മൊഴിയെടുത്തതോടെയാണ് പീഡനം തുടരുന്ന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ജൂണ്‍ 21ന് കുട്ടിയെ ഹാജരാക്കാന്‍ ആവശ്യപ്പെട്ട കോടതി കുട്ടിയുടെ താൽപര്യപ്രകാരം പിതാവിനൊപ്പം വിടുകയായിരുന്നു.
കേസ് വീണ്ടും അന്വേഷണത്തിനായി മഞ്ചേരി പൊലീസിലെത്തിയതോടെയാണ് പിതാവ് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. പ്രതിയും പൊലീസും തമ്മിലുണ്ടായിരുന്ന അടുപ്പമാണ് നേരത്തെ അന്വേഷണത്തിന്റെ ഗതി മാറ്റിയതെന്നും ഇനിയും ഇതേ ഉദ്യോഗസ്ഥന് തന്നെ അന്വേഷിച്ചാൽ മകള്‍ക്ക് നീതി ലഭിക്കില്ലെന്നുമാണ് പിതാവിന്റെ പരാതി. അന്വേഷണം മഞ്ചേരി പൊലീസില്‍ നിന്ന് മാറ്റണമെന്നും ജില്ല പൊലീസ് മേധാവി ഏറ്റെടുത്ത് നടത്തുകയോ ക്രൈംബ്രാഞ്ചിന് കൈമാറുകയോ ചെയ്യണമെന്നുമാണ് ആവശ്യം. പൊലീസ് റഫര്‍ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.