മഞ്ചേരി: പയ്യനാട് സ്റ്റേഡിയത്തിനു പരിസരത്തെ ചെങ്കൽ ക്വാറികളിൽനിന്ന് 19 മിനി ലോറികളും രണ്ട് മണ്ണുമാന്തി യന്ത്രങ്ങളും പിടികൂടി. അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണിത്.
സ്റ്റേഡിയത്തിനു ഭീഷണിയാകുന്ന തരത്തിലും പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിക്കുന്ന തരത്തിലും ചെങ്കൽ ഖനനം നടക്കുന്നുവെന്ന പരാതിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറി പ്രവർത്തനം പൊലീസ് നിർത്തിവെപ്പിച്ചു. ക്വാറി ഉടമകൾക്കെതിരെ നടപടിയെടുക്കാൻ ജിയോളജി വകുപ്പിനു റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു.
ചെങ്കല്ല് കയറ്റിയതും ലോഡ് കയറ്റാൻ നിർത്തിയിട്ടതുമായ വാഹനങ്ങളാണ് പിടികൂടിയത്. ക്വാറിക്ക് പുറത്തുണ്ടായിരുന്ന ചില വാഹനങ്ങൾ പിഴ ഈടാക്കി വിട്ടുനൽകി. സ്റ്റേഡിയത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന് ഖനനം നടത്തിയിരുന്നു. സ്ഥല ഉടമകൾ വൻ തുക ഈടാക്കിയാണ് ഖനനം നടത്താൻ അനുമതി നൽകുന്നതെന്നാണ് വിവരം. ക്വാറി നടത്തിപ്പുകാരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.