വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ ഓഫിസുകളിൽ ആവശ്യമായ ജീവനക്കാരില്ലാത്തതിനാൽ ജനം ദുരിതത്തിൽ. വിവിധ സേവനങ്ങൾക്കായി ഓഫിസുകളിൽ എത്തുന്നവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കൃഷിഭവൻ, ഗ്രാമപഞ്ചായത്ത് കാര്യാലയം, പ്രാഥമികാരോഗ്യ കേന്ദ്രം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെല്ലാം ജീവനക്കാരുടെ കുറവുണ്ട്. തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കൂടുകയാണ്. കൃഷിഭവനിൽ കൃഷി ഓഫിസർ മാത്രമാണുള്ളത്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ ഒരുമാസം മുമ്പ് സ്ഥലം മാറിപ്പോയ സെക്രട്ടറിക്കുപകരം ആളെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും ഇതുവരെ ചുമതലയേറ്റിട്ടില്ല. സ്ഥലം മാറിപ്പോയ രണ്ട് യു.ഡി ക്ലർക്കുമാർക്ക് പകരം ജീവനക്കാർ എത്തിയിട്ടില്ല. എൽ.എസ്.ജി.ഡി ഓഫിസിൽ ഓവർസിയറുടെ തസ്തികയും ഒഴിഞ്ഞുകിടപ്പാണ്.
ഇരിമ്പിളിയം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മൂന്ന് ജെ.പി.എച്ച്.എൻമാരെയും സീനിയർ ഹെൽത്ത് നഴ്സിനെയും സ്ഥലംമാറ്റിക്കൊണ്ടുള്ള കരട് വിജ്ഞാപനമിറങ്ങി. ഇവിടെത്തെ ഒ.പിയിൽ നിരവധി രോഗികളാണ് ദിവസവും പരിശോധനക്ക് എത്തുന്നത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരില്ലെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലം മാറിപ്പോകുന്നവർക്കുപകരം ജീവനക്കാർ സമയബന്ധിതമായി എത്തുന്നില്ലെങ്കിൽ പ്രയാസമേറും. ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന ഇരിമ്പിളിയം വില്ലേജ് ഓഫിസിലും ജീവനക്കാരുടെ കുറവുണ്ട്. വില്ലേജ് ഓഫിസർ അടക്കം മൂന്ന് സ്ഥിരം ജീവനക്കാരാണ് വില്ലേജിലുള്ളത്. രണ്ടുദിവസം മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന ഒരു താൽക്കാലിക ജീവനക്കാരിയും എത്തിയിട്ടുണ്ട്. എന്നാലും രണ്ട് ഫീൽഡ് സ്റ്റാഫ് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഫീൽഡ് സ്റ്റാഫില്ലാത്തതുകാരണം വില്ലേജ് ഓഫിസറോ മറ്റു ജീവനക്കാരോ വിവരശേഖരണത്തിന് പുറത്തുപോവേണ്ട സ്ഥിതിയാണ്. കാലവർഷ കെടുതികൾ അറിയാൻ വില്ലേജിലെ വിവിധ പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്താൻ ജീവനക്കാർ പ്രയാസപ്പെടുകയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ നെൽകൃഷിയുള്ള പ്രദേശമാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്. ജില്ലയിലെ അതിർത്തി പഞ്ചായത്തുകൂടിയാണിത്. വിവിധ പ്രദേശങ്ങളിൽനിന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ ഓഫിസിൽ എത്താൻ ബസുകൾ മാറിക്കയറി വരേണ്ട അവസ്ഥയാണുള്ളത്. മുഴുവൻ തസ്തികകളും നികത്തി വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തുന്ന സാധാരണക്കാരുടെ ദുരിതമകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.