മലപ്പുറം: പാണക്കാട് കൊടപ്പനക്കൽ വീടിെൻറ പൂമുഖത്ത് പൂത്തുനിന്ന നിലാവ് മാഞ്ഞിട്ട് ഒരു വ്യാഴവട്ടക്കാലമാവുന്നു. സദാ തുറന്നിട്ട പടിവാതിൽ കടന്ന് ഏത് പാതിര നേരത്തും ആവലാതിയുടെ കെട്ടഴിക്കുന്നവർക്ക് മുന്നിൽ മന്ദസ്മിതമായി, മുറിവിൽ തേൻ പുരട്ടുന്ന സാന്ത്വനമായി, ആത്മീയവെളിച്ചമായി തെളിഞ്ഞുകത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമകൾക്ക് 12 വയസ്സ്. 2009 ആഗസ്റ്റ് ഒന്നിനാണ് ആ വിളക്കണഞ്ഞത്.
അനേകം പേരുടെ കണ്ണീരും അടക്കിപ്പിടിച്ച തേങ്ങലുകളും ഉള്ളംകൈയിലെ ചൂടുമറിഞ്ഞ വട്ടമേശ ഇപ്പോഴും പുതുക്കിപ്പണിത വീടിെൻറ പൂമുഖത്തുണ്ട്. പല വഴികളിലൂെട ഒഴുകിയെത്തി കൊടപ്പനക്കൽ വീടിന് മുന്നിൽ ഒന്നായി ചേരുന്ന സാധാരണ മനുഷ്യർ ആ മേശക്ക് സമീപമിട്ട കസേരയിൽ നിറഞ്ഞുതുളുമ്പിയ സ്നേഹവായ്പിൽ മനം നിറഞ്ഞാണ് തിരിച്ചുപോയിരുന്നത്. കിഴക്ക് വെള്ള കീറുന്നത് മുതൽ രാവ് കനക്കുന്നത് വരെ ജാതി മതഭേദമില്ലാതെ എത്തുന്നവർക്ക് ആശ്വാസം പകരുന്ന ഈ പതിവ് തുടങ്ങിയിട്ട് കാലമേറെയായി. പൂക്കോയ തങ്ങൾ തുടങ്ങിവെച്ച ജനകീയ കോടതി ഇപ്പോഴും തുടരുന്നു. 1975ലാണ് പൂക്കോയ തങ്ങളുടെ വിയോഗം. അതിന് ശേഷമാണ് കൊടപ്പനക്കൽ പൂമുഖത്തെ മരക്കസേരയിൽ ശിഹാബ് തങ്ങളുദിച്ചത്. പടികയറി വരുന്നവരുടെ പരാതികൾ ഒരു പരിഭവവുമില്ലാതെ അദ്ദേഹം കേട്ടത് 34 വർഷം. പുലർച്ച രണ്ടുവരെയൊക്കെ ആ ഇരിപ്പ് നീണ്ട ദിവസങ്ങളുണ്ടെന്ന് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ ഓർക്കുന്നു.
തലേദിവസം രാത്രി തന്നെ പാണക്കാടെത്തി പുലരാൻ കാത്തുനിന്ന് വീട്ടിലേക്ക് കയറി വരുന്നവരുണ്ട്. പിണങ്ങി നിന്ന കുടുംബങ്ങൾ, പകയുടെയും വിദ്വേഷത്തിെൻറയും വഴിയിൽ നടന്നിരുന്ന അയൽക്കാർ, വിട്ടുവീഴ്ചകൾക്ക് തയാറാകാതെ നിന്ന കച്ചവട പങ്കാളികൾ, ആശ്വാസം തേടിയെത്തുന്ന മാനസിക-ശാരീരിക പ്രയാസങ്ങളുള്ളവർ... അങ്ങനെ എത്രയോ ആളുകൾ. എല്ലാവരെയും സൗമ്യനായാണ് തങ്ങൾ കേട്ടത്. അദ്ദേഹം സമ്മാനിച്ച പാതി വിടർന്ന പുഞ്ചിരി, നേർത്ത ശബ്ദത്തിലുള്ള വാക്കുകൾ, സ്നേഹത്തലോടൽ, കുറിച്ചുകൊടുക്കുന്ന പരിശുദ്ധ വേദഗ്രന്ഥത്തിലെ സൂക്തങ്ങൾ... ഇതൊക്കെ മതിയായിരുന്നു എല്ലാം അലിഞ്ഞില്ലാതാകാനും മനസ്സുകളെ ചേർത്തുവെക്കാനും.
സമുദായമൈത്രിക്കായി ശിഹാബ് തങ്ങൾ നൽകിയ സംഭാവനകൾ മാഞ്ഞു പോവുകയില്ല. അദ്ദേഹത്തിെൻറ ഓർമക്കായി മുസ്ലിം ലീഗ് നടപ്പാക്കിയ ബൈത്തുറഹ്മ (കാരുണ്യഭവനം) പദ്ധതി നിരവധി പേരുടെ കണ്ണീരാണൊപ്പിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പകരം വെക്കാനില്ലാത്ത മാതൃകയായി ഒരുപാട് കുടുംബങ്ങൾക്ക് സ്നേഹത്തണലായി ആ വീടുകൾ മണ്ണിൽ ഉയർന്ന് നിൽക്കുന്നു.
ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്നിരുന്ന രാഷ്ട്രീയ ചർച്ചകളും തീരുമാനങ്ങളുമൊക്കെ സഹോദരനും മുസ്ലിം ലീഗ് അധ്യക്ഷനുമായ ഹൈദരലി തങ്ങളുടെ വീട്ടിേലക്ക് മാറിയിരുന്നെങ്കിലും കൊടപ്പനക്കൽ വീട്ടിൽ ഇപ്പോഴും ആളൊഴിഞ്ഞ നേരമില്ല. അവർക്ക് മുന്നിൽ സാന്ത്വനമേകാൻ മകൻ മുനവ്വറലിയുണ്ട്. തങ്ങളിരുന്ന വീടല്ല ഇപ്പോൾ കൊടപ്പനക്കൽ. മോടി പിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം മുസ്ലിം ലീഗ് അധ്യക്ഷനായി ചുമതലയേറ്റ സഹോദരൻ ഹൈദരലി തങ്ങളും അസുഖബാധിതനായി ചികിത്സയിലാണ്. ഹൈദരലി തങ്ങളുടെ അസാന്നിധ്യത്തിലാണ് ഇത്തവണ ശിഹാബ് തങ്ങളുടെ ഓർമദിനമെത്തുന്നത്. ജനഹൃദയങ്ങളിൽ പകരം വെക്കാനില്ലാത്ത സ്നേഹവായ്പായി ആ മുഖം ഇനിയും മായാതെ നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.