മഞ്ചേരി: പുൽപറ്റ സ്വദേശിയായി ഒമ്പതാം ക്ലാസ് വിദ്യാർഥി ആലപിക്കുന്ന ഗാനം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൂക്കൊളത്തൂർ സി.എച്ച്.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഹമ്മദ് ഷിബിയാന്റെ ‘കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ... കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ...’ എന്ന് തുടങ്ങുന്ന ഗാനമാണ് മന്ത്രി ഏറ്റെടുത്തത്. ഇതോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘മിടുക്കാ, വാനോളം ഉയരട്ടെ മിടുക്കന്റെ സംഗീതം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ മന്ത്രി പങ്കുവെച്ചത്. കഴിഞ്ഞദിവസം പയ്യനാട് വടക്കാങ്ങര എ.എം.യു.പി സ്കൂളിലെ കിഡ്സ് ഫെസ്റ്റിൽ മുഖ്യാഥിതി ആയി പങ്കെടുത്തകൊണ്ട് ആലപിച്ച ഗാനമാണിത്. ഒറ്റദിവസം കൊണ്ട് മൂന്നര ലക്ഷത്തോളം ആളുകളാണ് വിഡിയൊ കണ്ടത്.
കലോത്സവ വേദികളിലെ നിറ സാന്നിധ്യമാണ് ഷിബിയാൻ. ഉപജില്ല, ജില്ല തലങ്ങളിൽ മാപ്പിളപ്പാട്ട്, അറബിക് സംഘഗാനം, ദഫ് മുട്ട് മത്സരങ്ങളിലെല്ലാം കഴിവ് തെളിയിച്ചു. നിരവധി ആൽബങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചെറുപ്പം തൊട്ടെ സംഗീതത്തിനോട് താൽപ്പര്യമുണ്ടായിരുന്നു. മഞ്ചേരി മെലോഡിയ, അലിബാവ കാരക്കുന്ന് എന്നിവരുടെ കീഴിലാണ് സംഗീതം പഠിക്കുന്നത്. പുൽപറ്റ കെ.പി. മൻസൂർ ഫൈസലിന്റെയും ഹാജിയാർ പള്ളി പീടിക പറമ്പൻ അഫീഫയുടെയും മകനാണ്. അംജദ് സുഫിയാൻ, അഫ്രീദ് സിയാൻ, അസ ഐറിൻ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.