മലപ്പുറം: മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യമായി കേരളത്തിലെത്തുമ്പോൾ അവതാരകനായി വേദിയെ കൈയിലെടുക്കാൻ മിഥുൻ രമേശുമെത്തും. സിനിമ താരം, ടെലിവിഷൻ -സ്റ്റേജ് ഷോ അവതാരകൻ, റേഡിയോ ജോക്കി തുടങ്ങിയ മേഖലകളിൽ ലോകത്തെവിടെയുമുള്ള മലയാളികൾക്കിടയിൽ സുപരിചിതനാണ് മിഥുൻ. അവതരണ കലയിൽ തനതായ ശൈലി പിന്തുടരുന്ന മിഥുന് ആരാധകർ ഏറെയാണ്.
കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള സാമൂഹികമാധ്യമ താരം കൂടിയായ മിഥുൻ ‘ഹാർമോണിയസ് കേരള’ വേദിയെ കൂടുതൽ ആസ്വാദ്യമാക്കുമെന്ന് ഉറപ്പ്. മിഥുൻ രമേശിനൊപ്പം ഡിസംബർ 24ന് കോട്ടക്കൽ ആയുർവേദ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ രാവിൽ മലയാളത്തിന്റെ പ്രശസ്ത കലാകാരന്മാർ അണിനിരക്കും. പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ, സിജു സിയാൻ തുടങ്ങിയവരും പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുന്ന സിദ്ദീഖ് റോഷനും വേദിയിലെത്തും.
ഗൾഫ് രാജ്യങ്ങളിൽ വിശ്വമാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് മഹോത്സവമായി മാറിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് കേരളത്തിൽ എത്തുന്നത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ വിളംബരമാകും ‘ഹാർമോണിയസ് കേരള’യുടെ വേദി. സൗഹൃദത്തിന്റെയും കൂട്ടായ്മയുടെ നാടെന്ന് വിശേഷണമുള്ള മലപ്പുറത്തിന്റെ മണ്ണിലാണ് ആദ്യ കേരള സീസൺ എത്തുന്നത്. 2018ലെ പ്രളയത്തിൽ കേരളത്തിന് താങ്ങായി നിന്ന പ്രവാസി മലയാളികളെ ചേർത്തുപിടിച്ചുകൊണ്ട് മാധ്യമം ഒരുക്കിയ ആദര കൂട്ടായ്മയാണ് ‘ഹാർമോണിയസ് കേരള’. പ്രവാസി മലയാളികൾ നെഞ്ചോടുചേർത്ത ഹാർമോണിയസ് കേരള വിവിധ ഗൾഫ് നാടുകളിൽ ആഘോഷപൂർവം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.