തിരൂർ: പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിലും സമീപ പ്രദേശങ്ങളിലും ദിവസങ്ങളായി നാടിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവി പുള്ളിപ്പുലിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഒടുവിൽ സ്ഥിരീകരിച്ചു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് തിരച്ചിലാരംഭിച്ചു. ബുധനാഴ്ച രാത്രിയോടെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്തു.
കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ. നാരായണന്, നിലമ്പൂര്‍ ആര്.ആര്.ടി എസ്. ബിജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പുലിക്കൂട് സ്ഥാപിച്ചത്. തിരൂർ സി.ഐ കെ.ജെ. ജിനേഷ് ഉൾപ്പെടെ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
ചൊവ്വാഴ്ച രാവിലെ ഏഴിനാണ് പുലിയുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിൽ പതിഞ്ഞത്. ചൊവ്വാഴ്ച രാത്രിയിൽ വനം വകുപ്പ് നിരീക്ഷണ കാമറയിൽ പതിഞ്ഞത് പുള്ളിപ്പുലിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തൂർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും പ്രദേശത്തും സമീപ പ്രദേശങ്ങളിലും ജാഗ്രത നിർദേശം പുറപ്പെടുവിപ്പിക്കുകയുമായിരുന്നു.
ഇതോടെ ബുധനാഴ്ച രാവിലെ 11 ഓടെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് ബീറ്റ് ഓഫിസര്‍ സി. ബാലുവും സംഘവും പ്രദേശത്ത് പരിശോധന നടത്തി. വൈകീട്ടോടെ ലൈവ് കാമറയും കൂടും സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നടപടികളാരംഭിച്ചു.
നിരീക്ഷണ കാമറക്ക് 20 മീറ്റര്‍ അകലെയുള്ള പുള്ളിപ്പുലിയുടെ ചിത്രമാണ് കാമറയില്‍ പതിഞ്ഞിട്ടുള്ളത്. ഡിസംബര്‍ രണ്ടിനാണ് ഉല്ലാസ് നഗറിലെ തെക്കത്ത് വളപ്പില്‍ ബിജുവിന്റ ഭാര്യ മോളി വീടിന് പിറക് വശത്ത് രാത്രി 8.30ഓടെ നായ്ക്കളെ പിടികൂടുന്ന അജ്ഞാത ജീവിയെ കണ്ടത്.
ഈ മാസം 13ന് രാത്രിയോടെ കാട്ടിലപ്പള്ളി സ്വദേശിയായ എ.പി. സെയ്തു മത്സ്യബന്ധനത്തിനായി പോവുമ്പോള്‍ പുഴയോരത്ത് മരത്തിലിരിക്കുന്ന പുലിയെ കണ്ടു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം കൂട്ടായി മംഗലം പാലത്തിന് സമീപത്തെ പുതിയോട്ടിപ്പറമ്പിൽ ബീപാത്തുവിന്റെ വീട്ടിലെ ഗർഭിണികളായ രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചു കൊന്നിരുന്നു. പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാത്രികളിൽ പുറത്തിറങ്ങി നടക്കരുതെന്നുൾപ്പെടെ ജാഗ്രത നിർദേശമാണ് പുറത്തൂർ പഞ്ചായത്ത് അധികൃതർ പ്രദേശത്തുകാർക്ക് നൽകിയിരിക്കുന്നത്. പുലിയെ കണ്ട പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും പുലിമട കണ്ടെത്താനായിട്ടില്ല. പുലി വിശ്രമിക്കുന്നത് മരങ്ങൾക്ക് മുകളിലാവാനുള്ള സാധ്യതയും അധികൃതർ തളളിക്കളഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.