ജില്ലയിൽ മങ്കി പോക്സ്: മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ്

മഞ്ചേരി: യു.എ.ഇയിൽനിന്നെത്തിയ 35കാരന് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി ആരോഗ്യ വകുപ്പ്. ഇതിന്‍റെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസലേഷൻ വാർഡ് സജ്ജമാക്കി. 10 കിടക്കകളും ഒരുക്കി. ജില്ലയിൽ ആദ്യമായാണ് മങ്കിപോക്സ് സ്ഥിരീകരികരിക്കുന്നത്.

ഡി.എം.ഒ ഡോ. ആര്‍. രേണുക, സര്‍വയലന്‍സ് ഓഫിസര്‍ ഡോ. എസ്. ഷുബില്‍, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

ആശുപത്രിയുടെ 11ാം വാര്‍ഡിലാണ് ഐസൊലേഷന്‍ സൗകര്യം ഒരുക്കിയത്. ഇതിനുപുറമെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ ജില്ല ആശുപത്രികളിലും ചികിത്സ സൗകര്യം ഒരുക്കാനും തീരുമാനിച്ചു. രോഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തുന്നവരുടെ നിരീക്ഷണത്തിന് വിമാനത്താവളത്തിൽ സൗകര്യം ഒരുക്കി.

ലക്ഷണമുള്ളവരില്‍നിന്ന് രക്തം, ശരീരസ്രവം എന്നിവ ശേഖരിക്കുന്നതിനും പരിശോധനക്ക് അയക്കുന്നതിനും സൗകര്യം ഒരുക്കി. ആലപ്പുഴ വയറോളജി ലാബിലേക്കാണ് പരിശോധനക്ക് അയക്കുക. ഏകോപനത്തിനായി സര്‍വയലന്‍സ് ഓഫിസറായി ഡോ. എസ്. ഷുബിലിനെ നിയോഗിച്ചു.

പനി, തലവേദന, ശരീരത്തിൽ തടിപ്പുകൾ, കുമിളകൾ, ക്ഷീണം, പേശീവേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, കൈകളിലും മുഖത്തും കുമിളകൾ രൂപപ്പെടൽ എന്നിവയാണ് രോഗലക്ഷണം. യു.എ‍.ഇയിൽ നിന്നെത്തിയ തിരൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Monkey pox in district: Health department with precautionary measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.