മലപ്പുറം: വിദ്യാർഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ സ്കൂൾ വാഹനങ്ങളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. സുരക്ഷ മാനദണ്ഡം പാലിക്കാത്ത വാഹനങ്ങൾക്കെതിരെയും സ്കൂൾ അധികൃതർക്ക് എതിരെയുമാണ് നടപടി സ്വീകരിക്കുന്നത്. പുതിയ അധ്യയനവർഷത്തിന് മുന്നോടിയായി യാത്രാസുരക്ഷിതത്വം ഉറപ്പാക്കാനായി ഡ്രൈവർമാർക്കും ആയമാർക്കും സ്കൂൾ വാഹനത്തിന്റെ ചുമതലയുള്ള അധ്യാപകർക്കും എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും മറ്റും സംഘടിപ്പിച്ചിരുന്നു.
എന്നിട്ടും നിയമലംഘനങ്ങൾ തുടരുന്ന വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. സുരക്ഷിതമല്ലാത്ത സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും. സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം കലക്ടർക്ക് റിപ്പോർട്ട് നൽകാനും തീരുമാനിച്ചു.
100 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ വാതിലടക്കാൻ സാധിക്കാത്തതും വേഗപൂട്ടും ജി.പി.എസും ഇല്ലാത്തതുമായ നിലമ്പൂരിലെ സ്കൂൾ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ച മൂന്ന് പേർക്കെതിരെയും നികുതി അടക്കാത്ത രണ്ട് സ്കൂൾ ബസുകൾക്കെതിരിലും ഫിറ്റ്നസ് ഇല്ലാത്ത കുട്ടികളെ കൊണ്ടുപോയ ഒരു സ്കൂൾ ബസിനെതിരിലും മൊബൈൽ ഫോൺ ഉപയോഗിച്ച് സ്കൂൾ വാഹനം ഓടിച്ചത് ഒരു ഡ്രൈവർക്കെതിരിലും വാഹന പുക സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു സ്കൂൾ ബസ് തുടങ്ങി 15 സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു.
എം.വി.ഐമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, ഡാനിയൽ ബേബി, കെ.എം. അസൈനാർ, കെ. ബിനോയ് കുമാർ, എം.വി. അരുൺ, കെ. നിസാർ, എ.എം.വി.ഐമാരായ സുനില്‍ രാജ്, വിജീഷ് വാലേരി, ഫിറോസ് ബിൻ ഇസ്മായിൽ, ഹരിലാൽ കെ ആർ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, നിലമ്പൂർ, പെരിന്തൽമണ്ണ, മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി, തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
മലപ്പുറം: സ്കൂൾ വാഹനങ്ങളിലെ നിയമലംഘനങ്ങൾക്ക് കടിഞ്ഞാണിടാനും അപകടം കുറക്കാനും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു. എം പരിവാഹൻ മൊബൈൽ ആപ് ഉപയോഗിച്ചു യാത്ര ചെയ്യുന്ന വാഹനങ്ങളുടെ രേഖകൾ കൃത്യമാണോ എന്ന് പരിശോധിക്കുകയും അപാകതകൾ കാണുന്ന പക്ഷം മോട്ടോർ വാഹന വകുപ്പിനെ അറിയിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങൾ കൃത്യമായി അധികൃതരെ അറിയിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാമെന്നും ഷഫീഖ് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.