മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ കരുതലോടെ സജീവമാകാൻ പദ്ധതികളുമായി മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി. പുതിയ ആശയങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിൽ ഇടപെടുന്നതിൽ സംഘടനയെ സജീവമാക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യത്യസ്ത രൂപത്തിലുള്ള പദ്ധതികൾ നടപ്പാക്കും. നേരത്തേ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച കോഓഡിനേറ്റർമാരുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുക. ഇപ്രകാരം ജില്ല മുതൽ ശാഖ വരെയുള്ള യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളിൽ ഒരാൾ സമൂഹ മാധ്യമങ്ങളുടെ ചുമതലക്കാരനായിരിക്കും. പഞ്ചായത്ത് തലങ്ങളിലും ഒരു ഭാരവാഹിക്ക് ഇതിന്റെ ചുമതല നൽകിയിട്ടുണ്ട്. ശാഖതലത്തിലും ഒരു ഭാരവാഹിക്ക് സമൂഹ മാധ്യമങ്ങളുടെ ചുമതല നൽകുന്ന പ്രക്രിയ ഉടൻ പൂർത്തീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ പാലിക്കേണ്ട അച്ചടക്കം, ഉത്തരവാദിത്തം, കരുതൽ, സ്വഭാവം, ശൈലി എന്നീ കാര്യങ്ങളിൽ ഇവരെ ബോധവത്കരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ മലപ്പുറത്ത് 'ഇ-ടോക്ക്' എന്ന പേരിൽ സൈബർ മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. ജില്ല യൂത്ത് ലീഗിന്റെ സമൂഹ മാധ്യമ അജണ്ടകളുടെ പ്രഖ്യാപനവും വിവിധ സമൂഹ മാധ്യമ സംവിധാനങ്ങളുടെ ലോഞ്ചിങ്ങും ചടങ്ങിൽ നടക്കും. മേഖലയിലെ നിരന്തര ഇടപെടലുകളും ചർച്ചയും സംവാദവും ലക്ഷ്യമിട്ടുള്ള വെബ്സീനും യൂട്യൂബ് ചാനലും നവംബറോടെ പ്രവർത്തനമാരംഭിക്കും.
ജില്ല സെക്രട്ടറി യൂസുഫ് വല്ലാഞ്ചിറക്കാണ് പദ്ധതിയുടെ ജില്ലതല ചുമതല നൽകിയിരിക്കുന്നത്. നിയോജക മണ്ഡലം തലങ്ങളിൽ ടി.പി. യൂനുസ് (മലപ്പുറം), അഫ്സൽ മയ്യേരി (തിരൂർ), സമദ് പൊന്നാട് (കൊണ്ടോട്ടി), സിറാജ് കാളാട് (താനൂർ), മമ്മുട്ടി തൈക്കാടൻ (തിരൂരങ്ങാടി), ബക്കർ ചീമാടൻ (നിലമ്പൂർ), ബഷീർ വാഫി (പെരിന്തൽമണ്ണ), എ.കെ. നാസർ (വേങ്ങര), മുഹമ്മദ് ഷാഹിദ് തുവ്വൂർ (വണ്ടൂർ), വി.ടി. ശഫീഖ് (മഞ്ചേരി), മുനീർ എടവണ്ണ (ഏറനാട്), എൻ.പി. അൻസാർ (മങ്കട), കെ.കെ.എസ്. സയ്യിദ് മുഹമ്മദലി സഖാഫ് (കോട്ടക്കൽ), മജീദ് എടപ്പാൾ (തവനൂർ), എ.എ. റഹൂഫ് (പൊന്നാനി), സമദ് കൊടക്കാട് (വള്ളിക്കുന്ന്) എന്നിവർ ചുമതല വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.