മലപ്പുറം: നിപ സമ്പർക്ക പട്ടികയിൽ ജില്ലയിൽനിന്ന് 12 പേരെകൂടി ഉൾപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തേ 23 പേർ സമ്പർക്ക പട്ടികയിലുണ്ടായിരുന്നു. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 35 ആയി. ആദ്യ പട്ടികയിലുള്ളവരുടെ സ്രവ പരിശോധന ഫലം പുറത്തുവന്നതിൽ ആറുപേരുടേത് നെഗറ്റിവാണെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ബാക്കി 11 പേരുടെ ഫലം ഇന്ന് അറിയും.
ജില്ലയിൽനിന്ന് ഇതുവരെ 17 സാമ്പ്ളുകളാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയച്ചത്. സമ്പർക്ക പട്ടികയിൽ പുതുതായി ചേർത്ത 12 പേരുടെ സ്രവം അടുത്ത ദിവസങ്ങളിൽ ശേഖരിക്കുമെന്നും നിലവിൽ ഇവർ ക്വാറന്റീനിലാണെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
നിപ സമ്പർക്ക പട്ടികയിലുള്ളവരിൽ കൊണ്ടോട്ടി ആരോഗ്യ ബ്ലോക്കിൽ 11 പേരും ഒമാനൂർ ആരോഗ്യ ബ്ലോക്കിൽ 15 പേരും നെടുവ ആരോഗ്യ ബ്ലോക്കിൽ അഞ്ചുപേരും തവനൂർ ആരോഗ്യ ബ്ലോക്കിൽ രണ്ടുപേരും മങ്കട ആരോഗ്യ ബ്ലോക്കിൽ ഒരാളുമാണുള്ളത്. ഇവരെ എല്ലാവരെയും ആരോഗ്യ പ്രവർത്തകർ നിരീക്ഷിച്ചുവരുകയാണ്. ഒരാളുടെ വാസസ്ഥലം കൺട്രോൾ സെൽ അന്വേഷിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച് മരിച്ചയാളുമായും കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകനുമായും സമ്പർക്കത്തിൽ വന്നവരാണ് മലപ്പുറം ജില്ലയിലെ നിപ സമ്പർക്ക പട്ടികയിലുള്ളത്.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ആർക്കുംനിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും അവരവരുടെ വീട്ടിൽതന്നെ സ്വയം നിരീക്ഷണത്തിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലെ ലക്ഷണങ്ങൾ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനും ജില്ല നിപ കൺട്രോൾ സെല്ലിൽ 0483 273 4066 അറിയിക്കാനും നിർദേശം നൽകി. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് കൗൺസലിങ് സഹായത്തിനായി 7593843625 എന്ന നമ്പറിൽ ബന്ധപ്പെടാം.
ആഗസ്റ്റ് 29ന് കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ എം.ഐ.സി.യു, കാഷ്വാലിറ്റി വിഭാഗത്തിൽ സന്ദർശിച്ചവരും ചികിത്സ തേടിയവരും നിപ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണമെന്നും ആരോഗ്യനില നിരീക്ഷിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.