ചേലേമ്പ്ര: നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് പൊലീസ് അടച്ച കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിലെ പുല്ലിക്കടവ് പാലത്തിന് സമീപം കണ്ടെയ്ൻമെന്റ് സോൺ വകവെക്കാതെ ആൾക്കൂട്ടം. ഞായറാഴ്ച രാവിലെയാണ് ആളുകൾ കൂട്ടംകൂടി നിന്നത്. അടച്ച പാലങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രാവിലെ പൊലീസ് ഇല്ലാത്ത സമയത്താണ് സമീപവാസികൾ ഉൾപ്പെടെയുള്ളവർ കൂടിനിന്നത്.
പെരുമുഖം റോഡ് വഴി രാമനാട്ടുകര ഭാഗത്തേക്കും ഫറോക്ക് ഭാഗത്തേക്കും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം യാത്ര മതിയെന്നും ജനം കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പുല്ലുവില കൽപിച്ചാണ് മാസ്ക്കുപോലും ധരിക്കാതെയുള്ള നാട്ടുകാരുടെ പ്രവൃത്തി. ചെറുവണ്ണൂരിൽ യുവാവിന് നിപ സ്ഥിരീകരിച്ചിരുന്നു. ഇയാൾ ഫറോക്ക് നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ സമ്പർക്കം പുലർത്തിയതായുള്ള റൂട്ട് മാപ് പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫറോക്ക് നഗരസഭ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.
ചേലേമ്പ്ര: ഫറോക്ക് നഗരസഭ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് ബസ് സർവിസുകളെ ബാധിച്ചു. മലപ്പുറം ജില്ലയിലെ ഗ്രാമീണ റൂട്ടുകളായ കൊളക്കുത്ത്, പുല്ലിപ്പറമ്പ്, ഒലിപ്രംകടവ്, കടക്കാട്ടുപാറ, നീരോൽപ്പലം തുടങ്ങിയ റൂട്ടുകളിൽനിന്ന് ഫറോക്കിലേക്കുള്ള മിനി ബസ് സർവിസുകളെയും പരപ്പനങ്ങാടി ഭാഗത്തുനിന്ന് ഫറോക്ക് വഴി കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സർവിസുകളെയുമാണ് ബാധിച്ചത്.
മിനി ബസുകൾക്ക് രാമനാട്ടുകര വരെ പോകാമെങ്കിലും പല ബസുകളും യാത്രക്കാർ കുറവായതിനാൽ സർവിസ് നിർത്തിവെച്ചു. വിരലിലെണ്ണാവുന്ന ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ഈ ബസുകളിൽ യാത്രക്കാരും കുറവാണ്. ബസ് സർവിസ് നിർത്തിയതോടെ കൊളക്കുത്ത് ഭാഗത്തുനിന്ന് ഇടിമൂഴിക്കലിലേക്ക് എത്താൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. ഫറോക്ക് ഭാഗത്ത് ഓട്ടുകമ്പനി ഉൾപ്പെടെയുള്ള വിവിധ കമ്പനികളിൽ ജോലിക്ക് പോകുന്നവരാണ് ബസ് യാത്രക്കാർ ഏറെയും.
ചേലേമ്പ്രയും ഫറോക്കും തമ്മിൽ ബന്ധിപ്പിക്കുന്ന പുലിക്കടവ് പാലം അടച്ചിട്ടുണ്ട്. ഫറോക്ക് കണ്ടെയ്ൻമെന്റ് സോണായി തുടരുന്നപക്ഷം ബസ് സർവിസുകളും അത്രയും കാലം നിർത്തിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.