ഇതൊരു മണ്ടൻ ചോദ്യമോ കടങ്കഥയോ അല്ല. നമ്മുെട നാട്ടിൽ കാണുന്ന സത്യമാണ്. ട്രോളിങ് നിരോധനമാണെങ്കിലും ന്യൂനമർദമാണെങ്കിലും കടലിൽ ഇറങ്ങാനാകില്ല. പക്ഷേ, അപ്പോഴും കരയിൽ മീനിെൻറ ചാകരക്കാലമാകും. ഇതെന്ത് മാജിക്കെന്ന് ആർക്കും തോന്നാം.
''പാവപ്പെട്ട ചെറുകിട കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാതെ സാറമ്മാറ് കുന്നംകുളത്തെയും മറ്റും മാർക്കറ്റിൽ ആദ്യം റെയ്ഡ് നടത്ത്. അപ്പോളറിയാം വിഷം ചേർത്ത മീൻ എവിടെ നിന്നാണ് വരുന്നതെന്ന്''. പ്രാദേശിക മത്സ്യമാർക്കറ്റുകളിൽ റെയ്ഡ് പതിവായതോടെ ചെറുകിട മത്സ്യക്കച്ചവടക്കാരെൻറ രോഷപ്രകടനമിങ്ങനെ... കടലിൽ മത്സ്യലഭ്യത കുറയുകയും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങുകയും ചെയ്യുന്നില്ലെങ്കിലും മാർക്കറ്റുകളിൽ മീൻ സുലഭമായി ലഭിക്കുന്ന സ്ഥിതിയാണിപ്പോൾ.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ലോക്ഡൗൺ കാലയളവിലും ഫോർമലിൻ ചേർത്ത മത്സ്യം എത്തുന്നത് തടയാനുള്ള സംവിധാനങ്ങൾ കുറഞ്ഞതോടെ മനുഷ്യന് രോഗം സമ്മാനിക്കുന്ന മീൻ കച്ചവടമാണ് പരസ്യമായും രഹസ്യമായും തുടരുന്നത്. ഫോർമലിൻ ചേർത്ത മത്തി, കണവ, ഏട്ട, ആവോലി, തളയാൻ, ഒമാൻ മത്തി എന്നിവയാണ് വിപണിയിലെത്തുന്നത്. പുറമെ നിന്നുള്ള മത്സ്യങ്ങൾ വിൽക്കാൻ പാടില്ലെന്ന നിർദേശം നിലനിൽക്കുന്നതിനിടെയാണ് വ്യാപകമായി ഫോർമലിൻ ചേർത്ത മത്സ്യം എത്തുന്നത്.
കുന്നംകുളം ഉൾപ്പെടെയുള്ള മാർക്കറ്റുകളിൽനിന്നാണ് പൊന്നാനിയിലെ പ്രാദേശിക മത്സ്യവിപണിയിലേക്ക് മീൻ എത്തുന്നത്.
ഇത്തരം മാർക്കറ്റുകളിൽനിന്ന് കൊണ്ടുവരുന്ന മത്സ്യങ്ങളിൽ ഫോർമലിെൻറ അളവ് കൂടുതലാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ചെറുവള്ളങ്ങൾ പിടിക്കുന്ന മത്സ്യങ്ങൾക്കൊപ്പം പുറമെനിന്ന് കൊണ്ടുവരുന്നവ കൂട്ടിച്ചേർത്താണ് വിപണിയിൽ വിൽക്കുന്നതെന്നാണ് ആരോഗ്യ വിഭാഗത്തിനും പൊലീസിനും ലഭിച്ച വിവരം. പുതിയ മത്സ്യങ്ങൾക്കിടയിൽ പഴയത് ഇടകലർത്തി വിൽക്കുന്നതും വർധിച്ചിട്ടുണ്ട്. കൂടാതെ പാക്കറ്റുകളിലാക്കി ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങളുടെ വിപണനവും സജീവമാണ്.
എന്താണ് ഫോർമലിൻ?
മൃതദേഹങ്ങള്‍ അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോര്‍മലിന്‍. പാല്, മീന്‍, ഇറച്ചി തുടങ്ങിയവ കേടാവാതിരിക്കാൻ കൂടുതലായി ചേർക്കുന്നുണ്ട്. ഫോര്‍മലിന്‍ കൂടിയ അളവിൽ നമ്മുടെ ശരീരത്തിലെത്തിയാല്‍ അർബുദം, ആമാശയ രോഗങ്ങൾ എന്നിവയുണ്ടാകാനുള്ള സാധ്യത വളരെയധികം വർധിപ്പിക്കുകയും ശ്വസന ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഗര്ഭകാലത്തിെൻറ ആദ്യ ഘട്ടങ്ങളിലുള്ള സ്ത്രീകളില്‍ ഇത് കുട്ടികളുടെ ജനന വൈകല്യങ്ങൾക്കും ആദ്യകാല ശിശുവികസനവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണതകള്‍ക്കും കാരണമാകും.
തീരത്ത് ദുരിതത്തിര
''ഓഖി മുതൽ തുടങ്ങിയതാണ് ഈ ദുരിതം. മുമ്പാണെങ്കി ഓടിപ്പോകാൻ ബന്ധുവീടെങ്കിലുമുണ്ടായിരുന്നു. കോവിഡ് ഇങ്ങനെ നിക്കുമ്പോ കുട്ടികളെയും കൊണ്ട് എങ്ങോട്ടുപോകും. സർക്കാർ പദ്ധതികളുണ്ടെന്ന് പറച്ചിൽ മാത്രമാണ്. ഈ ദുരിതം കഴിയൂന്ന് തോന്നണില്ല''. കടൽക്ഷോഭത്തിൽ വീടും സാധനങ്ങളും നഷ്ടമായ കുടുംബത്തിെൻറ വാക്കുകളിലുണ്ട് തിരയിളക്കത്തിെൻറ ആധി. കടലൊന്ന് ആഞ്ഞടിച്ചാൽ കൈയിൽ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് ജീവനും കൊണ്ട് സുരക്ഷിത സ്ഥാനം തേടിപ്പോകുന്നത് ഓരോ കടലാക്രമണ കാലത്തെയും ജില്ലയിലെ സ്ഥിരം കാഴ്ചയാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനമില്ലാത്തതാണ് തീരാശാപമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച കടൽഭിത്തികൾ പലയിടത്തും നാമാവശേഷമായതിനാൽ കടലാക്രമണ സമയത്ത് വീടും ഭൂമിയും തിരമാല കൊണ്ടുപോകും. 10 വർഷത്തിനിടെ രണ്ടു കിലോമീറ്ററിലധികം കരഭാഗമാണ് പലയിടത്തുമായി കടലെടുത്തത്. കടൽക്ഷോഭത്തെ ചെറുക്കാൻ ജിയോ ടെക്സ്റ്റൈൽ ട്യൂബുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നീണ്ടുപോവുകയാണ്. പുതിയ സംവിധാനം ഒരുക്കുമെന്ന സർക്കാർ വാഗ്ദാനത്തിലും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതീക്ഷയില്ല. കടൽക്ഷോഭ ബാധിതരുടെ പുനരധിവാസമാണ് നിലവിൽ സർക്കാറിന് മുന്നിലെ വലിയ വെല്ലുവിളി. വെളിയങ്കോട്, പുറത്തൂർ സൂനാമി പുനരധിവാസ കോളനി മാത്രമാണ് സ്ഥിരം സംവിധാനമായുള്ളത്. കടൽ ചതിക്കില്ലെന്ന പഴമക്കാരുടെ വാക്കുകളിപ്പോൾ മത്സ്യത്തൊഴിലാളികളുടെ ആധിയകറ്റുന്നില്ല. തിരയും തീരവും സമ്മാനിക്കുന്നത് സങ്കടക്കടലാണ്. അതേക്കുറിച്ച് നാളെ... (തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.