തകരാറും കാരണം കുടിവെള്ളം മുടങ്ങുന്നത് തുടർക്കഥയാവുമ്പോൾ കുന്നുമ്മൽ, കോട്ടപ്പടി ജങ്ഷനുകളിലെ ഹൈമാസ്റ്റുകൾ പ്രകാശിക്കാത്തത് മറ്റൊരു ദുരിതക്കഥയാവുന്നു. നഗരവാസികളെ ബുദ്ധിമുട്ടിലാക്കി കുടിവെള്ള പ്രശ്നവും മിഴിയടഞ്ഞ തെരുവ് വിളക്കുകളും. പൈപ്പ് നിരന്തരമായി പൊട്ടുന്നതും വാൾവിലെ തകരാറും കാരണം കുടിവെള്ളം മുടങ്ങുന്നത് തുടർക്കഥയാവുമ്പോൾ കുന്നുമ്മൽ, കോട്ടപ്പടി ജങ്ഷനുകളിലെ ഹൈമാസ്റ്റുകൾ പ്രകാശിക്കാത്തത് മറ്റൊരു ദുരിതക്കഥയാവുന്നു
മലപ്പുറം: സംഭരണശേഷി കൂടിയ ടാങ്ക് സ്ഥാപിച്ചിട്ടും ആവശ്യത്തിന് കുടിവെള്ളം കിട്ടാതെ പാണക്കാട് വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങൾ. കടലുണ്ടിപ്പുഴയിൽ ചാമക്കയം പമ്പ് ഹൗസിൽ നിന്നാണ് ഇവർക്ക് ജലവിതരണം. കാലഹരണപ്പെട്ട പൈപ്പുകളാണ് വില്ലനാവുന്നത്. ഇവ ഇടക്കിടെ പൊട്ടുന്നതും വാൾവിലെ തകരാറുകളും മൂലം കുടിവെള്ളം പൂർണമായും മുടങ്ങുന്നത് തുടർക്കഥയാണ്.
മാമ്പറമ്പിൽ സംഭരണശേഷി കൂടിയ ടാങ്ക് സ്ഥാപിച്ചെങ്കിലും പൈപ്പുകൾ മാറ്റാത്തതിനാൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ ജലവിതരണം. പൈപ്പ് പൊട്ടുമ്പോഴും വാൾവ് തകരാറിലാവുമ്പോഴും പൂർണമായും നിലക്കുകയും ചെയ്യുന്നു. ചാമക്കയത്തുനിന്ന് മാമ്പറമ്പിലെ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് ഇടക്കിടെ പൊട്ടുന്നുണ്ട്. പഴയ ഇരുമ്പ് പൈപ്പുകളാണ് ഇപ്പോഴും. ടാങ്കിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകളുടെ സ്ഥിതിയും ഇതുതന്നെ. എവിടെയാണ് ചോർച്ച എന്ന് പോലും കണ്ടുപിടിക്കാനാവാത്ത സ്ഥിതിയാണ്.
കിഴക്കേത്തല, ഹാജിയാർപള്ളി, കോൽമണ്ണ, സ്പിന്നിങ് മിൽ, മുതുവത്ത് പറമ്പ്, കാരപറമ്പ്, പട്ടർക്കടവ്, പാണക്കാട് ഭാഗങ്ങളുടെയെല്ലാം ആശ്രയം മാമ്പറമ്പിലെ ടാങ്കാണ്. പാണക്കാട് താഴ്ഭാഗം, പാറമ്മൽ, പള്ളിപ്പടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുഴയിലെ കിണറിൽനിന്ന് നേരിട്ടും വെള്ളമെത്തിക്കുന്നു. പൈപ്പുകൾ മാറ്റാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞെങ്കിലും ഇതുവരെ ടെൻഡർ പോലുമായിട്ടില്ല.
പ്രകാശം പരക്കുന്നില്ല:നാടും നഗരവും കൂരിരുട്ടിലാക്കി തെരുവ് വിളക്കുകൾ കെട്ടുകിടക്കുന്നു
മലപ്പുറം: ഹൈമാസ്റ്റ്, മിനി മാസ്റ്റ്, എൽ.ഇ.ഡി വിളക്കുകൾ കെട്ടുകിടക്കുന്നത് മൂലം നഗരസഭയുടെ വിവിധ ഭാഗങ്ങൾ ഇരുട്ടിലായിട്ട് മാസങ്ങൾ. കുന്നുമ്മൽ, കോട്ടപ്പടി ജങ്ഷനുകളിലെ ഹൈമാസ്റ്റുകളൊന്നും പ്രകാശിക്കുന്നില്ല. കിഴക്കേത്തല, വലിയങ്ങാടി, ആലത്തൂർപ്പടി ഭാഗങ്ങളിൽ ഇവ ഭാഗികമായും പ്രവർത്തനരഹിതമാണ്. കലക്ടർ ബംഗ്ലാവ്, കാവുങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലെ മിനി മാസ്റ്റ് ലൈറ്റുകളും കത്തുന്നില്ല. മുണ്ടുപറമ്പ് ബൈപാസ് ജങ്ഷനിൽ പ്രവർത്തനരഹിതമായി കിടന്ന ഹൈമാസ്റ്റ് ലൈറ്റ് ഇയ്യിടെ നന്നാക്കിയത് മാത്രമാണ് ആശ്വാസം. ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താൻ പരസ്യ ഏജൻസികൾക്ക് കരാർ കൊടുത്തിരിക്കുകയാണ്.
പാതയോരങ്ങളിലെ എൽ.ഇ.ഡി തെരുവ് വിളക്കുകളിൽ വാറൻറിയുള്ള 4900 എണ്ണം അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. എന്നാൽ, വാർഷിക അറ്റകുറ്റപ്പണി കരാർ തീർന്ന 2700 ലൈറ്റുകൾ കുറേ നാളായി കെട്ടുകിടക്കുകയാണ്. ഇവ മാറ്റി മൂന്ന് വർഷ വാറൻറിയുള്ള പുതിയ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. ഇതിന് കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻറ് വരാനുണ്ട്. കാത്തിരിപ്പ് നീളുംതോറും ഇരുട്ടും തുടരും. തെരുവുനായ ശല്യവും രൂക്ഷമായതിനാൽ പേടിയൊടെയാണ് ആളുകൾ രാത്രി സമയങ്ങളിൽ പുറത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.