മലപ്പുറം: കാസര്‍കോട്-തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. ജില്ലയില്‍ 54 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ പാത. വള്ളിക്കുന്ന്, അരിയല്ലൂര്‍, നെടുവ, താനൂര്‍, താനാളൂര്‍, നിറമരുതൂര്‍, പരിയാപുരം, തിരൂര്‍, തൃക്കണ്ടിയൂര്‍, തലക്കാട്, തിരുനാവായ, തവനൂര്‍, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് ജില്ലയില്‍ സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളില്‍ സാമൂഹികാഘാത പഠനത്തിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. തിക്കോടി വി.കെ കണ്‍സല്‍ട്ടന്‍സിക്കാണ് ജില്ലയിലെ സാമൂഹികാഘാത പഠന ചുമതല. 131 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.
പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സര്‍ക്കാര്‍ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകള്‍, കോളനികള്‍, മറ്റു പൊതുഇടങ്ങള്‍ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിര്‍ദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങള്‍ പഠിക്കും. ജില്ലയില്‍ തിരൂരിലാണ് സില്‍വര്‍ ലൈന്‍ പാതയില്‍ ഏക സ്റ്റോപ്. നിലവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 3.82 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷന്. സില്‍വര്‍ ലൈന്‍ നിലവിലെ റെയില്‍പാതക്ക് സമാന്തരമായി കടന്നുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.