കരുവാരകുണ്ട്: പുതുതായി നാമനിർദേശം ചെയ്ത ദലിത് കോൺഗ്രസ് പ്രസിഡന്റിന് പാർട്ടി ഓഫിസിൽയോഗം ചേരാനായില്ല. ഭാരതീയ ദലിത് കോൺഗ്രസ് കരുവാരകുണ്ട് മണ്ഡലം പ്രസിഡന്റ് ജനാർദനൻ കൽക്കുണ്ടിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളെയാണ് യോഗം ചേരാൻ ഓഫിസ് നൽകാതെ മണ്ഡലം കോൺഗ്രസ് നേതാക്കൾ മടക്കിവിട്ടത്. കഴിഞ്ഞ നവംബർ മൂന്നിനാണ് ജില്ല പ്രസിഡന്റ് പ്രകാശൻ കാലടി ജനാർദനനെ മണ്ഡലം പ്രസിഡന്റായി നോമിനേറ്റ് ചെയ്തത്. കഴിഞ്ഞദിവസം ജില്ല ഓഫിസിൽ പോയി ചുമതലയേറ്റെടുത്ത ജനാർദനൻ, യോഗം ചേരാനായി വ്യാഴാഴ്ച രാത്രി കിഴക്കെത്തലയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ എത്തി. ജില്ല കമ്മിറ്റി അംഗം സി. കൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അപ്പുക്കുട്ടൻ തുവ്വൂർ തുടങ്ങി ഏതാനും പേരും കൂടെയുണ്ടായിരുന്നു. എന്നാൽ ജനാർദനനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്നും ഓഫിസ് തുറന്നുകൊടുക്കില്ലെന്നും മണ്ഡലം നേതാക്കൾ അറിയിച്ചു. ഇത് ഒച്ചപ്പാടിനിടയാക്കി. ഒടുവിൽ ദലിത് നേതാക്കൾ യോഗം ചേരാതെ പിരിയുകയായിരുന്നു.
അതേസമയം ജനാർദനൻ കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് ഹാജി പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയെ തോൽപ്പിക്കാൻ പ്രവർത്തിച്ച ആളെ മണ്ഡലം പ്രസിഡന്റാക്കിയത് തങ്ങളുമായി ആലോചിക്കാതെയാണെന്നും തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ദലിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിക്കുന്നതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അനുമതി വേണ്ടെന്ന് ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് പ്രകാശൻ കാലടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.