ഓണ്‍ലൈന്‍ ബുക്കിങ്: മലപ്പുറത്തെ സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളില്‍ വരുമാന വര്‍ധന

മലപ്പുറം: ഭൗതിക സാഹചര്യവും സേവനവും മികച്ചതാക്കി ഓണ്‍ലൈന്‍ ബുക്കിങ്ങും നടപ്പാക്കിയതോടെ സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളില്‍ താമസിക്കാന്‍ ആളേറി. അതുവഴി വരുമാനവും വര്‍ധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളില്‍ സേവനം ലഭ്യമാക്കിയതും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതുമാണ് നേട്ടമായത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിശ്രമ മന്ദിരങ്ങളില്‍ 2021 നവംബര്‍ മുതലാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതിനൊപ്പം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും സേവനം മെച്ചപ്പെടുത്തുകയും ചെയ്തതോടെ ജനങ്ങളില്‍നിന്ന് മികച്ച പ്രതികരണം. ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതിനു ശേഷം ജില്ലയില്‍ 3122 സന്ദര്‍ശകരാണ് സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത്.

സ്വകാര്യ മേഖലയേക്കാള്‍ കുറഞ്ഞ നിരക്കും സുരക്ഷിതത്വവും വിശ്രമ മന്ദിരങ്ങളിലേക്ക് കൂടുതലാളുകളെ ആകര്‍ഷിക്കുകയായിരുന്നു. വിശ്രമ മന്ദിരങ്ങള്‍ നവീകരിച്ചതും ഗുണമേന്മയുള്ള ഭക്ഷണവും ശുചിത്വവും ഉറപ്പാക്കിയതും ഈ മേഖലയിലെ സമഗ്ര മാറ്റത്തിനിടയാക്കി. ജില്ലയില്‍ ആകെ 18 വിശ്രമ മന്ദിരങ്ങളാണുള്ളത്. തിരൂരിലെ വിശ്രമ മന്ദിരത്തിലാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ കൂടുതല്‍ സന്ദര്‍ശകരെത്തിയത്.

670 പേരാണ് മുറിയെടുത്ത് താമസിച്ചത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ രണ്ടാമത് മഞ്ചേരി വിശ്രമ മന്ദിരവും മൂന്നാമത് നിലമ്പൂര്‍ വിശ്രമ മന്ദിരവുമാണ്. മഞ്ചേരിയില്‍ 559 പേരും നിലമ്പൂരില്‍ 391 പേരുമാണ് ഇക്കാലയളവില്‍ സേവനം ഉപയോഗപ്പെടുത്തിയത്. 750 രൂപ മുതല്‍ 2000 രൂപ വരെയുള്ള താമസമുറികള്‍ ജില്ലയിലെ വിശ്രമ മന്ദിരങ്ങളില്‍ ലഭ്യമാണ്. സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ വിശ്രമ മന്ദിരങ്ങള്‍ കൂടുതല്‍ നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍. https://resthouse.pwd.kerala.gov.in/resthouse എന്ന ലിങ്ക് വഴി സര്‍ക്കാര്‍ വിശ്രമ മന്ദിരങ്ങളില്‍ വാടകക്ക് മുറിയെടുക്കാം.

Tags:    
News Summary - Online booking: Increase in revenue at government rest houses in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.